Last Modified ചൊവ്വ, 19 ഫെബ്രുവരി 2019 (18:01 IST)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി ഇത്തവണ മത്സരത്തിനുള്ളത് 150 ചിത്രങ്ങള്‍. ചിത്രങ്ങളുടെ സ്‌ക്രീനിംഗ് ഞായറാഴ്ച മുതല്‍ ആരംഭിച്ചു. മൂന്നു വിഭാഗങ്ങളായി തിരിഞ്ഞ് ജൂറി അംഗങ്ങള്‍ സിനിമകള്‍ കണ്ടു തുടങ്ങി. ഫെബ്രുവരി ഇരുപത്തിയെട്ടിനോ മാര്‍ച്ച് ഒന്നിനോ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചേക്കാം.
സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ പ്രകാശന്‍, മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യന്‍, അഞ്ജലി മേനോന്റെ കൂടെ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി, ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള്, അമല്‍ നീരദിന്റെ വരത്തന്‍, ഡിജോ ജോസ് ആന്റണിയുടെ ക്വീന്‍ തുടങ്ങിയവ മത്സരത്തിനുണ്ട്.
അതേസമയം,
ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയനിലാണ് മോഹൻലാൽ ആരാധകരുടെ പ്രതീക്ഷ. ഈ വർഷത്തെ എല്ലാ അവാർഡുകളും
ഒടിയൻ സ്വന്തമാക്കുമെന്ന് ചിത്രം റിലീസ് ചെയ്യുന്നതിനു മുന്നേ സംവിധായകൻ ശ്രികുമാർ മേനോൻ അവകാശപ്പെട്ടിരുന്നു. അതിനാൽ, തന്നെ സംവിധായകന്റെ വാക്കുകൾ സത്യമാകുമോയെന്ന ആകാംഷയിലാണ് ഫാൻസ്.
സിനിമാ വിഭാഗം ജൂറി ചെയര്‍മാനായി കുമാര്‍ സാഹ്നിയും രചനാവിഭാഗം ജൂറി ചെയര്‍മാനായി പി കെ പോക്കറുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകനായ വിജയ കൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യ നായര്‍, സൗണ്ട് എഞ്ചിനീയര്‍ മോഹന്‍ദാസ് എന്നിവരാണ് സിനിമാ വിഭാഗം ജൂറി അംഗങ്ങള്‍.