വെബ്‌ദുനിയ ലേഖകൻ|
Last Modified ബുധന്‍, 24 ഫെബ്രുവരി 2021 (07:55 IST)
ചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കും എന്നും മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് മത്സര രംഗത്ത് ഇറങ്ങുന്നത് എന്നും നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. മത്സരിയ്ക്കുന്ന മണ്ഡലത്തെക്കുറിച്ച് ഉടൻ തീരുമാനമെടുക്കും എന്നും ഏതെങ്കിലും മുന്നണിയുടെ ഭാഗമാകണോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. 'മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ടാണ് മത്സരരംഗത്ത് ഇറങ്ങുന്നത്. അത് വെറുമൊരു ആഗ്രഹമല്ല. എന്റെ പ്രയത്നമാണ്. രജനീകാന്ത് രാഷ്ട്രീയത്തിലേയ്ക്ക് വരില്ല, അക്കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കുന്നതിൽ അദ്ദേഹത്തിന്റെ പിന്തുണ തേടി. കേരളത്തിൽ പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരണം എന്നാണ് ആഗ്രഹം എന്നും
കമൽഹാസൻ പറഞ്ഞു. അതേസമയം കമൽഹാസൻ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചേയ്ക്കും എന്നാണ് റിപ്പോർട്ടുകൾ, ചെന്നൈയിലെ ഒരു മണ്ഡലത്തിലും കോയമ്പത്തൂർ, മധുര ജില്ലകളിലെ ഏതെങ്കിലും ഒരു മണ്ഡലത്തിലും മത്സരിച്ചേയ്ക്കും എന്നാണ് വിവരം.