Last Modified വ്യാഴം, 27 ജൂണ്‍ 2019 (16:58 IST)
ജീവിതത്തിൽ തെറ്റു പറ്റാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ആ തെറ്റ് തിരുത്തിന്നിടത്താണ് മനുഷ്യത്വം ഉണ്ടാകുന്നത്. അത്തരമൊരു തെറ്റ് തിരുത്തിയ കഥയാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ചങ്ങനാശേരി സ്വദേശിയായ സബീഷിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഈ കഥയ്ക്ക് ആധാരം.
സബീഷിന്റെ വിലപ്പെട്ട രേഖകളടങ്ങിയ പഴ്‌സ് ഇക്കഴിഞ്ഞ 17ന് നഷ്ടപ്പെട്ടിരുന്നു. വലിയ രീതിയില്‍ അന്വേഷണങ്ങള്‍ നടത്തിയെങ്കിലും പഴ്‌സ് തിരികെ ലഭിച്ചില്ല.ഇക്കാര്യം കാണിച്ച് സബീഷ് ഫെയിസ്ബുക്കില്‍ ഒരു കുറിപ്പും എഴുതിയിരുന്നു. പഴ്‌സ് തിരികെ ലഭിക്കില്ലെന്ന് ഉറപ്പിച്ച സബീഷിനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഒരു പാഴ്‌സല്‍ തേടിയെത്തി. നഷ്ടപ്പെട്ട പഴ്‌സും കൂടെ ഒരു ക്ഷമാപണക്കത്തും സഭീഷിന് ലഭിച്ചു.
ആ കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു.
‘എന്റെ മകന്‍ ചെയ്ത തെറ്റ് പൊറുക്കണം. സ്വീറ്റ്‌സ് വാങ്ങാന്‍ 100 രൂപ മാത്രമേ അവന്‍ പഴ്‌സില്‍ നിന്ന് എടുത്തിട്ടുള്ളൂ എന്നാണു പറഞ്ഞത്. ആ പണം തിരികെ വച്ചിട്ടുണ്ട്. വഴിയില്‍ കിടക്കുന്നതും നമ്മുടെ അല്ലാത്തതുമായ ഒന്നും എടുക്കരുതെന്നു ഞങ്ങള്‍ ഉപദേശിച്ചിട്ടുള്ളതാണ്. പക്ഷേ അവന്‍ തെറ്റ് ചെയ്തു. അവന്റെ പ്രായത്തെ കരുതി ക്ഷമിക്കണം’.
മാതാപിതാക്കളുടെ നന്മ നിറഞ്ഞ മനസിനെ സമൂഹം തിരിച്ചറിയണം എന്ന് കരുതിയാണ് സബീഷ് പോസ്റ്റിട്ടത്.