വെബ്‌ദുനിയ ലേഖകൻ|
Last Modified ഞായര്‍, 15 ഡിസംബര്‍ 2019 (15:00 IST)
നമ്പർ മാറാതെ മറ്റൊരു ടെലികോം കമ്പനിയുടെ ഉപഭോകാവായി മാറുന്നതിനാണ് മൊബൈൽ നമ്പർ പോർട്ടബിളിറ്റി എന്ന സംവിധാനം ഒരുക്കിയത്. എന്നാൽ ഒരു കമ്പനിയിൽ നിന്നും മറ്റൊരു കമ്പനിയിലേക്ക് മാറുന്നതിന് ഒരാഴ്ചയിൽ കൂടുതൽ സമയമെടുക്കുന്നത് ഉപയോക്താക്കൾക്ക് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി.
ഒരേ സർക്കിളിൽനിന്നും മറ്റൊരു ടെലികോം കമ്പനിയുടെ ഉപയോക്താവാകാൻ ഇനി വെറും മൂന്ന് ദിവസം മാത്രം കാത്തിരുന്നാൽ മതി. ഡിസംബർ 16 മുതൽ പുതിയ രീതി നിലവിൽ വരും. മറ്റൊരു സർക്കിളിലെ ടെലികോം ദാതാവിലേക്കാണ് മാറേണ്ടത് എങ്കിൽ അഞ്ച് ദിവസത്തിനകം പോർട്ടിംഗ് പൂർത്തികരിക്കുന്ന വിധത്തിലുള്ളതാണ് പുതിയ രീതി. ഒരു മൊബൈൽ കണക്ഷൻ 90 ദിവസങ്ങളെങ്കിലും ഉപയോദിച്ചവർക്ക് മാത്രമേ മറ്റൊരു സർവീസ് പ്രൊവൈഡറിലേക്ക് പോർട്ട് ചെയ്യാനാകു.
നിലവിലെ കണക്ഷന്റെ ബില്ല് പൂർണമായും അടച്ചു തീർക്കുകയും വേണം. പോർട്ടബിലിറ്റി പൂർത്തിയാക്കാനുള്ള യുണിക് പോർട്ടിങ് കോഡ് (യുപിസി) ലഭിക്കാനുള്ള മാനദണ്ഡങ്ങളും ട്രയ് പരിഷ്കരിച്ചു. കശ്മീർ അസം, നോർത്ത് ഈറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ 30 ദിവസവും മറ്റിടങ്ങളിൽ 4 ദിവസവുമാണ് യുപിസിയുടെ കാലാവധി. മറ്റൊരു കമ്പനിയിലേക്ക് പോർട്ട് ചെയ്യുമ്പോൾ പലപ്പോഴും കമ്പനികൾ ഉപയോക്താവിന്റെ തെറ്റായ വിവരങ്ങൾ കൈമാറുന്നതായി ട്രായിക്ക് വിവരം ലഭിച്ചിരുന്നു. അതിനാൽ ഇത്തരത്തിൽ തെറ്റായ വിവരങ്ങൾ നൽകുന്ന കമ്പനികൾക്ക് 10000 രൂപ പിഴ ചുമത്താനും ട്രായ് തീരുമാനിച്ചിട്ടുണ്ട്.