ചിപ്പി പീലിപ്പോസ്|
Last Modified ശനി, 23 നവംബര്‍ 2019 (16:52 IST)
സ്ത്രീധന വിരുദ്ധ പോരാട്ടവുമായി സർക്കാർ. അടുത്ത 5 വര്‍ഷക്കാലം കൊണ്ട് സ്ത്രീധന സമ്പ്രദായം സമ്പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്യാനുള്ള കഠിന പ്രയത്നത്തിലാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിന്റെ ബ്രാൻഡ് അംബാസിഡർ ആയി യുവനടൻ ടൊവിനോ തോമസിനെ നിയമിച്ചു.
യുവജനങ്ങൾക്ക് ഇടയിൽ ബോധവൽക്കരണം നടത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് നടൻ ടൊവിനോയെ ഗുഡ് വിൽ അംബാസഡറായി നിയമിച്ചത്. സ്ത്രീധന നിരോധന നിയമം 1961ലാണ് നിലവിൽ വന്നത്. എന്നാൽ, ഇക്കാലത്തും സ്ത്രീധന സമ്പ്രദായത്തിന് മാറ്റം വന്നിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീയും പുരുഷനും രാജ്യത്തിലെ തുല്യ പൗരന്മാരാണ്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെങ്കിലും സ്ത്രീധന സമ്പ്രദായം ഇപ്പോഴും സമൂഹത്തില്‍ ആഴത്തില്‍ വേരോടുന്നുണ്ട്. അതിനാല്‍ തന്നെ യുവജനങ്ങളുടെ ഇടയില്‍ ശക്തമായ അവബോധത്തിലൂടെ മാത്രമേ ഇതിനൊരു മാറ്റം വരുത്താന്‍ സാധിക്കുകയുള്ളൂ. നവംബര്‍ 26 ന് സ്ത്രീധന വിരുദ്ധ ദിനമായി ആചരിക്കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.