അഭിറാം മനോഹർ|
Last Updated:
ശനി, 23 നവംബര്‍ 2019 (16:17 IST)
ഗുജറാത്തിൽ വർഗീയ കലാപത്തിന് വഴിവെച്ച ഗോധ്ര ട്രൈയിൻ തീവെയ്പ്പ്
സംഭവം കോൺഗ്രസ്സ് ഗൂഡാലോചനയുടെ ഭാഗമായിരുന്നുവെന്ന് ഗുജറാത്ത് സർക്കാറിന് കീഴിലുള്ള ബോർഡ് പുറത്തിറക്കിയ പുസ്തകത്തിൽ ആരോപണം.ഗുജറാത്തിന്റെ രാഷ്ട്രീയ ചരിത്രം വിവരിക്കുന്ന പുസ്തകത്തിലാണ് കോൺഗ്രസ്സിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഗുജറാത്തിലെ ബി ജെ പി സർക്കാറിനെ അസ്ഥിരപെടുത്തുന്നതിനുള്ള കോൺഗ്രസ്സ് ഗൂഡാലോചനയുടെ ഭാഗമായിരുന്നു 2002 ഫെബ്രുവരി 27ന് ആയോധ്യയിൽ നിന്നും തിരിച്ചുവരികയായിരുന്ന കർസേവകർ സഞ്ചരിച്ച സബർമതി എക്സ്പ്രസ്സിന്റെ എ കോച്ച് തീവെപ്പെന്നും ഗോദ്രയിലെ കോൺഗ്രസ്സ് ജനപ്രതിനിധികൾ ഈ ഗൂഡാലോചനയിൽ പങ്കെടുത്തെന്നും പുസ്തകത്തിൽ ആരോപിക്കുന്നു. ഗോധ്രാ തീവെപ്പിൽ 59 കർസേവകർ കൊല്ലപ്പെട്ടിരുന്നു.
ഗുജറാത്തിന്റെ രാഷ്ട്രീയ വീരഗാഥ എന്ന പേരിൽ യൂണിവേഴ്സിറ്റി ഗ്രാന്ത് നിർമാൺ ബോർഡ് കഴിഞ്ഞ വർഷം ഡിസംബറിലാണ് ബുക്ക് പ്രസിദ്ധീകരിച്ചത്. ബി ജെ പി മുൻ എം പിയും ബോർഡ് അംഗവുമായ ഭാവ്നബെൻ ദാവെയാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.
അതേ സമയം ബോർഡിനെ കാവിവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുസ്തകത്തിലെ പരാമർശങ്ങളെന്നും ചരിത്രം വളച്ചൊടിക്കുന്ന എഴുത്തുക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും കോൺഗ്രസ്സ് വ്യക്തമാക്കി.
2002 ഫെബ്രുവരി 27ന് ഗോധ്രയിലെ തീപ്പിടുത്തത്തിൽ 59 കർസേവകർ കൊല്ലപ്പെട്ടത് ഗുജറാത്തിൽ വർഗീയകലാപത്തിന് വഴിവെക്കുകയും അതിനേതുടർന്ന് ന്യൂനപക്ഷവിഭഗത്തിൽ പെട്ട ആയിരത്തിലേറെ പേർ കൊലചെയ്യപെടുകയും ചെയ്തിരുന്നു.