എസ് ഹർഷ|
Last Modified വ്യാഴം, 15 നവംബര്‍ 2018 (11:29 IST)
ശബരിമല കേസിൽ നിർണായകമായ സുപ്രീം കോടതി വിധി വന്നതോടെ പല തവണയായി മലക്കം മറിയുന്ന പ്രതിപക്ഷ നേതാവിനെയാണ് കേരളജനത കണ്ടത്. ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്ക് മല ചവിട്ടാമെന്ന വിധി വന്നപ്പോൾ വിധിയെ സ്വാഗതം ചെയ്തവരുടെ കൂട്ടത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമുണ്ടായിരുന്നു.
എന്നാൽ, പതിയെ പതിയെ നിലപാടുകൾ മാറ്റുന്ന, മറുകണ്ടം ചാടുന്ന ചെന്നിത്തലയെ ആണ് നാം കണ്ടത്. അതുവരെ സ്വാഗതം ചെയ്ത വിധിയെ കുറിച്ച് ചോദിച്ചാൽ ‘ഞാനോ എപ്പോ’ എന്ന് തിരിച്ച് ചോദിക്കുന്ന രീതിയിലേക്ക് വരെ കാര്യങ്ങൾ മാറി മറിഞ്ഞു.
പിന്നീട് നടത്തിയ ഓരോ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കാൻ ചെന്നിത്തല മറന്നില്ല. കോടതി വിധി അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് പറഞ്ഞ ചെന്നിത്തല സ്ത്രീകളെ മലചവിട്ടിക്കാൻ തിടുക്കം മുഖ്യമന്ത്രിക്കാണെന്ന് വരെ പറഞ്ഞു കളഞ്ഞു.
സ്ത്രീകളെ നിർബന്ധിച്ച് മല കയറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. നിര്‍ബന്ധിച്ച് സ്ത്രീകളെ കയറ്റി സ്ഥിതി ഗതികള്‍ ഗുരുതരമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ശേഷം ബിജെപിക്കൊപ്പം ഒരേ നിലപാടെടുക്കാനും ചെന്നിത്തല മറന്നില്ല.
പതുക്കെ, ബിജെപിയേയും വിമർശിച്ചു. ഇടത് സർക്കാരും ബിജെപിയും കള്ളക്കളി നടത്തുകയാണെന്ന് പറഞ്ഞു. ഒടുവിൽ ഇപ്പോഴിതാ, യുവതികളെ തടയാൻ കോൺഗ്രസിന് തീരുമാനമില്ലെന്ന് പറഞ്ഞു. അപ്പോൾ സ്ത്രീകൾ മല കയറുന്നതിൽ തങ്ങൾക്ക് എതിർപ്പാണോ? സുപ്രീം കോടതി വിധി അംഗീകരിക്കുന്നില്ലേ? സ്ത്രീകൾ മല ചവിട്ടാം എന്നാണോ? തങ്ങൾ പറയുന്നതെന്ന് സത്യത്തിൽ ചെന്നിത്തലയ്ക്ക് പോലും ഉറപ്പില്ല എന്ന് വേണം കരുതാൻ.