അപർണ|
Last Modified ചൊവ്വ, 9 ഒക്ടോബര്‍ 2018 (09:02 IST)
ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയില്‍ പ്രതികരണവുമായി എഴുത്തുകാരി തനൂജ ഭട്ടത്തിരി. മലയിലേക്ക് സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ അറിയാന്‍ എന്ന കുറിപ്പോടെയാണ് അവര്‍ വിധിയില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
തൊട്ടുകൂടായ്മയും തീണ്ടലും കാരണം സവര്‍ണ സ്ത്രീകള്‍ക്ക് അകത്തളങ്ങളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത ഒരു കാലമുണ്ടായിരുന്നെന്നും മാറിയ ആചാരങ്ങളും മാറ്റിയ ആചാരങ്ങളുമാണ് ആ സാഹചര്യത്തിന് മാറ്റം വരുത്തിയതെന്നും തനൂജ തന്റേ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:
മാറാത്ത ആചാരങ്ങളോ? അങ്ങനെയൊന്നുണ്ടോ?
ശബരിമലയെ സംരക്ഷിക്കാനായി കുറേയേറെ സ്ത്രീകൾ തെരുവിലുണ്ടല്ലോ.
തൊട്ടുകൂടായമയും തീണ്ടലും കാരണം സവർണ സ്ത്രീകൾക്ക് അകത്തളത്തിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത ഒരു കാലമുണ്ടായിരുന്നു. ക്ഷേത്രത്തിൽ പോകണമെങ്കിൽ കൂടി മറക്കുടയും മറപ്പുതപ്പും കൂട്ടാളും വേണമായിരുന്നു. സമരം ചെയ്താണ് അതൊക്കെ മാറിയത്. ചെറിയ പെൺകുട്ടികളെ വൃദ്ധർ വിവാഹം കഴിക്കുന്നതും മൂത്ത നമ്പൂതിരി മാത്രം സ്വജാതിയിൽ വിവാഹം കഴിക്കുന്നതും അപ്ഫൻ നമ്പൂതിരിമാർക്ക് നായർ സ്ത്രീകളിലുള്ള മക്കൾക്ക് സ്വത്തവകാശം പോലും ഇല്ലാതിരുന്നതും സ്വന്തം അച്ഛൻ മരിച്ചാൽ ആ കുട്ടികൾക്ക് അച്ഛൻറെ മൃതദേഹം ഒന്ന് കാണാൻ പോലും അവകാശം ഇല്ലാതിരുന്നതും മാറി വന്നിട്ട് വർഷങ്ങൾ അധികമൊന്നും ആയിട്ടില്ല. ഇതൊരു സമുദായമെങ്കിൽ, എല്ലാ സമുദായങ്ങളിലെയും സ്ത്രീകൾക്ക് പറയാൻ അനീതികളുടെ വിവേചനത്തിൻറെയും ഒരുപാട് ക്രൂരകഥകളുണ്ട്. അക്ഷരാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന സ്ത്രീകൾ ഇന്ന് തൊഴിൽപരമായി ലോകം മുഴുവൻ സഞ്ചരിക്കുന്നുണ്ട്. മാറിയ ആചാരങ്ങളും മാറ്റിയ ആചാരങ്ങളും കാരണമാണ് ഇത് പ്രാവർത്തികമായത്. മാറിയ ആചാരങ്ങൾ കാരണം നന്മ അനുഭവിക്കുന്നവരാണ് ഇന്ന് തെരുവിൽ കാണുന്ന ഓരോരുത്തരും.
ഇനി അല്പം ആത്മകഥ പറയാം. പത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയായ എട്ടര യോഗത്തിലെ ഒരു അംഗമാണ് ഞാൻ ജനിച്ച നെയ്തശ്ശേരി മഠം. കൂടാതെ കോട്ടയ്ക്കകത്തെ വീട്ടിനു ചുറ്റും മറ്റു നിരവധി ക്ഷേത്രങ്ങളും. ക്ഷേത്രങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ആ പരിസരത്ത് വളർന്നവർക്ക് പഠിക്കാതിരിക്കാനാവില്ലായിരുന്നു. വിവാഹം കഴിച്ച കുടുംബം ചെങ്ങന്നൂർ അടി മുറ്റത്ത് മഠം മലയാലപ്പുഴ തന്ത്രിമാരുടേതുമാണ്. തന്ത്രവും മന്ത്രവാദവും രണ്ടും ചെയ്യാൻ അംഗീകാരമുള്ള ചുരുക്കം ചില കുടുംബങ്ങളിൽ ഒന്നാണിത്. യക്ഷിക്കഥകൾ നിറഞ്ഞ പരിസരം. സ്വർണത്തിൽ തീർത്ത പൂച്ചയെ തേങ്ങപ്പൂള് കാട്ടി മന്ത്രവാദം കൊണ്ടു നടത്തിയ മുതുമുത്തശ്ശൻ സ്ഥാപിച്ച പൂച്ചക്കിണർ. കഥകൾ ഇനിയും തുടരും, വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം. ഓരോരുത്തരുടെയും ഇഷ്ടം , ഭത്താവിന്റെ അച്ഛൻ മഹാ താന്ത്രികനായിരുന്നു എന്നാൽ ഒരിക്കലും ശബരിമലയിൽ പോയിരുന്നില്ല. പോകുകയില്ല എന്നത് ഒരു തീരുമാനമായിരുന്നു. ഗുരുവായൂർ പോലും പോകേണ്ട എന്നായിരുന്നു അഭിപ്രായം. ചെങ്ങന്നൂർ മഹാദേവനും മലയാലപ്പുഴ അമ്മയും മാത്രമാണ് അദ്ദേഹത്തിന്റെ വിശ്വാസങ്ങൾ. പഴയ തറവാടുകളിൽ കുടുംബ പരദേവതയുടെ തേവാര പ്രതിഷ്ഠ ഉണ്ടാവും. മനുഷ്യരെപ്പോലെ അല്പസ്വല്പം കുശുമ്പൊക്കെയുള്ള ദൈവങ്ങളുണ്ടെന്ന് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് ഇത്തരം പഴയ ചില തറവാടുകളിൽ നിന്നാണ്. അവിടുത്തെ സന്തതികൾ, അവിടത്തെ പരദേവതയെ അല്ലാതെ മറ്റൊരു ഈശ്വരനെ പ്രാർത്ഥിക്കുന്നത് ഇഷ്ടമില്ലാത്ത ദൈവങ്ങളുണ്ട്. പരദേവതയ്ക്ക് സമർപ്പിച്ച് ജീവിതം തുടരാനാണ് മുതിർന്നവർ പോലും കുട്ടികളെ ഉപദേശിക്കുന്നത്.
പ്രിയ സഹോദരിമാരേ, മന്ത്ര-തന്ത്രങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഇടയിലെ കഴിഞ്ഞ അമ്പതിലേറെ കൊല്ലത്തെ ജീവിതത്തിൽ ഞാൻ കണ്ടത് മാറുന്ന ആചാരങ്ങളുടെ നിരയെ മാത്രമാണ്. 1985 ൽ വിവാഹം കഴിഞ്ഞ് തിരുവനന്തപുരം വിടുമ്പോഴും, അതിനു വർഷങ്ങൾക്ക് ശേഷവും ആറ്റുകാൽ പൊങ്കാല, ക്ഷേത്രത്തിനു ചുറ്റുവട്ടത്തു മാത്രമായിരുന്നു. ഇന്നത് നഗരം കീഴടക്കിയല്ലോ. എൻറെ ചെറുപ്പ കാലത്ത് എൻറെ വീട്ടിലോ മറ്റന്തർജനങ്ങളോ അഗ്രഹാരങ്ങളിലെ തമിഴ് ജനതയോ പൊങ്കാലയിടാൻ പോകാറില്ലായിരുന്നു. ഇന്ന് ഭക്തി ഒരു വിശ്വാസമല്ല, ഒരു ബിസ്സിനസ്സാണ്. ഇവൻറ് മാനേജ്മെന്റ് ഗ്രൂപ്പുകൾ, വഴികാട്ടുന്ന ബിസ്സിനസ്സ്. ഒരു ക്ഷേത്രത്തിൽ വളരെ കുറച്ചു കാലത്തിന് മുമ്പ് ഒരു ചടങ്ങാരാംഭിച്ചു. പച്ച, വെള്ള, ചുമപ്പ് പൂക്കൾ നടയിൽ വയ്ക്കുകയും കണ്ണടച്ച് അതിൽ നിന്ന് ഒരു പൂവെടുക്കുകയും എടുത്ത പൂവിൻറെ നിറമനുസരിച്ച് ഫലം കിട്ടുകയും ചെയ്യുന്ന രീതി. ഈ ആചാരം തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. എന്നാൽ ഇന്നവിടെ തിക്കും തിരക്കുമാണ്. ഇത്തരം ആചാര ഇടപാടുകൾ പതുക്കെ ഉണ്ടാക്കി വെച്ച് കുറേശ്ശേ മുന്നോട്ട് കൊണ്ടു വന്ന് കാര്യം സ്ഥിരപ്പെടുത്തുകയാണ് ലക്ഷ്യം.
കുടുംബ ക്ഷേത്ര വരുമാനത്തെ ചൊല്ലി ഉണ്ടാവുന്ന വഴക്കുകൾ ചില്ലറയല്ല. ക്ഷേത്രവും ക്ഷേത്രാചാരങ്ങളും പണം ഉണ്ടാക്കാൻ ഉള്ള മാർഗമാണ് പലർക്കും. ഭക്തി എന്നത് മനസ്സിന്റെ സ്വസ്ഥതയ്ക്കാണെങ്കിൽ ഈ തെരുവുയുദ്ധം ചെയ്യുന്നവർ ഭക്തരേയല്ല. പ്രപഞ്ചത്തെ തന്നിലേക്ക് ആവാഹിക്കാനും തന്നെ പ്രപഞ്ചത്തിലേക്ക് വിന്യസിപ്പിക്കാനും കഴിയുന്ന മനോനില ഭക്തർക്കുണ്ടാവേണ്ടതല്ലേ? ഞാൻ ചെറുപ്പ കാലത്ത് ക്ഷേത്രത്തിൽ പോകുമായിരുന്നെങ്കിലും ആചാരാനുഷ്ഠാനങ്ങൾ വളരെ ചെറിയ രീതിയിൽ മാത്രം നടത്തിയിരുന്ന ആളാണ്. വളർന്നതിന് ശേഷം സ്വന്തം ഇഷ്ട പ്രകാരം കുറേയേറെ ഈ രംഗത്തെക്കുറിച്ച് പഠിച്ചെടുത്തു. കുഴിക്കാട്ട് പച്ച ഉൾപ്പെടെ പലതും വായിച്ചു. സ്വയം പൂജ ചെയ്തു. പിന്നീടവയൊക്കെ ഉപേക്ഷിച്ചു. എന്നാൽ ഇന്നും എൻറേതായ ഭക്തി ഉള്ള ആളാണ് ഞാൻ. ഋഗ്വേദമന്ത്രമായ ദേവി സൂക്തം മുടങ്ങാതെ ചൊല്ലുന്ന ആളുമാണ്. പക്ഷേ, ഒന്നിനും മനുഷ്യന് അപ്പുറം സ്ഥാനം കൊടുക്കണ്ട എന്നു തോന്നി. എല്ലാ ആചാരങ്ങളും കാലാകാലങ്ങളായി സൂത്രശാലികൾ തുടങ്ങി വെക്കുന്നതാണ് എന്നു മനസ്സിലാക്കിയതാണ് കാര്യം.
മാറ്റങ്ങൾ ഉൾക്കൊള്ളാനായില്ലായങ്കിൽ ചരിത്രം ഉണ്ടാകുമായിരുന്നില്ല. എന്റെ ഓർമയിൽ തന്നെ ‘വെളിയിലാകുന്ന’, സമയത്ത് സ്ത്രികൾ ഒരു ഇരുട്ടുമുറിയിൽ, കുളിക്കാതെ ആരുടെയും മുന്നിൽ വരാതെ, ഒളിച്ചിരുന്നു. എന്റെ അമ്മ മാറിയിരിക്കൽ പരിപാടി ഒന്നും നടത്തിയില്ല പലർക്കും അത് പ്രശ്നമായിരുന്നു. ശുദ്ധം നോക്കാത്തിടത്തു നിന്ന് പച്ച വെള്ളം കുടിക്കില്ല അവർ. കാലം മാറി. ഈനാട്ടുടനടപ്പൊക്കെ കാലം മാറ്റി എന്നു കരുതുമ്പോഴാണ് ആഢ്യത്വത്തിനായി ഇത്തരം പഴമകൾ വീണ്ടും തിരിച്ചെത്തുന്നത്. 2018 കാലം. - ഇന്നല്ലയെങ്കിൽ എന്നാണ് സ്ത്രീകൾ മനുഷ്യരാകുക? ആർത്തവം അശുദ്ധിയാണെന്ന സങ്കല്പം കഴിഞ്ഞതലമുറയിലെ സ്ത്രീകളെ അടിച്ചേല്പിച്ചിരുന്നു. ശാസ്ത്രയുഗത്തിലെ പെൺകുട്ടികൾ അതു വെറുതേ അംഗീകരിക്കാൻ തയ്യാറാവുകയില്ല എന്നതിൽ അത്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ല. നാല്പത്തൊന്നു ദിവസത്തെ വ്രതം എന്നത് ആർത്തവം കാരണം സാധ്യമല്ല എന്നു പറയുന്നതിൽ ഒരു ന്യായവുമില്ല.
ശബരിമലയിലെ യുവതീ വിഷയത്തിൽ ഇതുവരെ ഒന്നും എഴുതാതിരുന്നത് പറയാൻ ഏറെയുള്ളതു കൊണ്ടാണ്. വിസ്തരിച്ചു പിന്നെ എഴുതാം എന്നു കരുതി. എന്നാൽ പല സംഘടനകളും സംസാരിക്കാൻ വിളിക്കുന്നതു കൊണ്ടും ചാനലുകളിൽ വിളിച്ചപ്പോൾ പങ്കെടുക്കാൻ പറ്റാത്തതു കൊണ്ടും നിരവധി സുഹൃത്തുക്കൾ അഭിപ്രായം ചോദിക്കുന്നതു കൊണ്ടും ചെറിയതായെങ്കിലും ഇന്ന് തന്നെ ഇവിടെ എഴുതണമെന്ന് തോന്നി . ‘അപ്പോൾ എന്നാ ശബരിമലയ്ക്ക്?’ എന്ന് തമാശ മട്ടിലാണ് പലരുടെയും ചോദ്യം. 50 വയസ്സ് കഴിഞ്ഞ് എത്രയോ വർഷമായി. വേണമെങ്കിൽ എന്നേ പോകാമായിരുന്നു. ശബരിമലയ്ക്ക് പോക്ക് ഒരിക്കലും ഒരാഗ്രഹമായിരുന്നില്ല. എന്നാൽ അവിടെ പോകാൻ ആഗ്രഹമുള്ള സ്ത്രീകൾക്ക് വേണ്ടി ഏത് പ്രായത്തിലും അവിടെ പോകാൻ ഞാൻ തയാറാണ്.
ഞാൻ ജനിച്ചു വളർന്ന തിരുവനന്തപുരം കോട്ടയ്കകം വീട്ടിൽ എന്റെ ചെറുപ്പകാലത്ത് ആരും ശബരിമലയിലേക്ക് കെട്ടുകെട്ടി പോകുന്നതു കണ്ടിട്ടില്ല. എന്റെ ബന്ധുവീട്ടിലൊന്നും കെട്ടു നിറച്ച് ശബരിമലയ്ക്ക് പോകുന്നത് കണ്ടിട്ടില്ല. ആകെ ഒരു തവണ കെട്ടു നിറ ഞാൻ കണ്ടത് എന്റെ ചെറിയമ്മയുടെ അച്ഛൻ പാലമുറ്റം മുത്തശ്ശൻ
ശബരിമല മേൽ ശാന്തി ആയിരിക്കുമ്പോൾ അപ്ഫന്റെ വീട്ടിൽ വെച്ചാണ്. അദ്ദേഹമാകാട്ടെ എല്ലാ ജീവജാലങ്ങളിലും അടങ്ങിയിരിക്കുന്നത് ഒരേ ചൈതന്യമാണെന്നു വിശ്വസിച്ചിരുന്ന ആളായിരുന്നു. ആണും പെണ്ണും മാത്രമല്ല ജന്തുമൃഗാദികളും ഈശ്വരന്റെ മുന്നിൽ ഒന്നു പോലെ എന്നു കരുതുന്ന 10 ശതമാനം ആൾക്കാർ ഇവിടെയുണ്ട്.
എൻറെ അഭിപ്രായത്തിൽ ശബരിമല വിവാദമാക്കിയത് സ്ത്രീകൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുകയേ ഉള്ളൂ. പല സ്ത്രീകളും ശബരിമലയിൽ പോകാതിരുന്നത് ഒരു ശീലം കൊണ്ടാണ്. പ്രായപൂർത്തി ആയ സ്ത്രീകൾ അവിടെ പോകാൻ പാടില്ല എന്നു ജനിച്ചപ്പോൾ മുതൽ കേട്ടു വളർന്ന സ്ത്രീ സമൂഹം അതിനെതിരെ ആലോചിച്ചതേ ഇല്ല. എന്നാൽ ഇന്നും ജീവിച്ചിരിക്കുന്ന പല മുതിർന്ന സ്ത്രീകളോടും ചോദിക്കുമ്പോൾ തങ്ങളുടെ കുഞ്ഞിനെ ചോറൂണ് നടത്താനോ പിറന്നാൾ തൊഴീക്കാനോ ശബരമലയ്ക്ക് കൊണ്ടു പോയ കഥ അവർ പറയും. പോകുന്നത് ഒരു പാപമാണെന്ന് കരുതി പോകാതിരുന്നവർ അവരുടെ മുത്തശ്ശിമാർ പോയിട്ടുണ്ട് എന്നറിയുമ്പോൾ അവർക്കും പോകണമെന്ന് തോന്നാനുള്ള സാധ്യത കൂടുന്നു. പഴയ കാലത്ത് സ്ത്രീകളും പോയിരുന്ന ഒരു സ്ഥലം പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് അപ്രാപ്യം ആകേണ്ട ആവശ്യമില്ല. ഇതിലൊരു ആചാരലംഘനവുമില്ല.