ഇന്ത്യയിൽ വാക്സിൻ ഉപയോഗത്തിന് അനുമതി തേടി ഫൈസർ, മൈനസ് 70 ഡിഗ്രിയിൽ സൂക്ഷിയ്ക്കണം എന്നത് വെല്ലുവിളി

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 6 ഡിസം‌ബര്‍ 2020 (09:58 IST)
ഡൽഹി: ഇന്ത്യയിൽ വാക്സിൻ ഉപയോഗത്തിന് അനുമതി തേടി ആഗോള മരുന്ന് കമ്പനിയായ ഫൈസർ. അടിയന്തര വാക്സിൻ ഉപയോഗത്തിന് അനുമതി തേടി ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകി. വാക്സിൻ ഇറക്കുമതി ചെയ്ത് ഉപയോഗിയ്ക്കാൻ അനുവദിയ്ക്കണം എന്നാണ് ആവശ്യം. എന്നാൽ ഫൈസറിന്റെ കൊവിഡ് വാസ്കിൻ ഇന്ത്യയിൽ പരീക്ഷിച്ചിട്ടില്ല. ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ വാക്സിനുകൾക്ക് മാത്രമേ സാധാരണഗതിയിൽ അനുമതി നൽകാറുള്ളു. ഇതുമാത്രമല്ല. ഫൈസർ വികസിപ്പിച്ച കൊവിഡ് വാക്സിൻ മൈനസ് 70 ഡിഗ്രിയിൽ സൂക്ഷിയ്ക്കണം എന്നതും ഇന്ത്യൻ സാഹചര്യത്തിൽ വെല്ലുവിളിയാകും എന്നാണ് നിഗമനം.

ഫൈസറിന്റെ വാക്സിന് അടിയന്തര ഉപയോഗത്തിന് ആദ്യം അനുമതി നൽകിയത് ബ്രിട്ടനാണ്. ചൊവ്വാഴ്ച മുതൽ ബ്രിട്ടണിൽ വാക്സിൻ വിതരണം ആരംഭിയ്ക്കും. ബഹറൈനും വാസ്കിന് അടിയന്തര അനുമതി നൽകിയിട്ടുണ്ട്. യുഎസിൽ ഫൈസർ വാക്സിന് ദിവസങ്ങൾക്കുള്ളിൽ തന്നെ അനുമതി ലഭിച്ചേയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. ഫൈസർ ജർമ്മൻ പങ്കാളിയായ ബയോടെക്കുമായി ചേർന്ന് നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ വാക്സിന് ഗൗരവകരമായ പാർശ്വഫലങ്ങൾ ഇല്ലെന്ന് കണ്ടെത്തിയെന്ന് ഫൈസർ വ്യക്തമാക്കിയിരുന്നു. വാക്സിന് 90 ശതമാനത്തിലേറെ ഫലപ്രദമാണെന്നാണ് ഫൈസറിന്റെ അവകാശവാദം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :