അപർണ|
Last Updated:
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (16:21 IST)
മലയാള സിനിമയിലും മീ ടൂ ആഞ്ഞടിക്കുകയാണ്. മുകേഷിനെതിരേയും ഗോപി സുന്ദറിനെതിരേയും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ, നടൻ അലൻസിയറിനെതിരെയാണ് മീ ടൂവിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന സൈറ്റിലാണ് അലൻസിയറിനെതിരെ നടി രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേര് വെളിപ്പെടുത്താതെയാണ് നടി താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
തന്റെ നാലാമത്തെ ചിത്രത്തിൽ വർക്ക് ചെയ്യുന്ന സമയത്താണ് അലൻസിയറിൽ നിന്നും മോശം അനുഭവം ഉണ്ടായതെന്ന് നടി പറയുന്നു. ഞാൻ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു അലൻസിയർ. നേരിട്ട് അദ്ദേഹത്തെ പരിചയപ്പെടുന്നത് വരെയെന്ന് നടി ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന സൈറ്റിലൂടെ പറയുന്നു.
‘ഒരു മനുഷ്യനേക്കാൾ വലുതാണ് ഒരു നടനെന്നൊക്കെയുള്ള ഡയലോഗുകൾ
അലൻസിയർ പറയുമ്പോഴൊക്കെ അയാളുടെ കണ്ണുകൾ എന്റെ നെഞ്ചത്തായിരുന്നു. അതോടെ അദ്ദേഹത്തിന് അടുത്ത് നിൽക്കുന്നതൊക്കെ കുറച്ച് സേഫ് അല്ലാത്ത കാര്യമാണെന്ന് ബോധ്യമായി.’
‘പീരീഡ്സ് ആയിരിക്കുന്ന ദിവസം ക്ഷീണം കാരണം കുറച്ച് നേരത്തെ ബ്രേക്ക് സംവിധായകന്റെ അനുവാദത്തോടെ എടുത്ത് റൂമിൽ പോയി ഞാൻ. കുറച്ച് കഴിഞ്ഞ് ഡോറിൽ ആരോ മുട്ടി. കീ ഹോളിലൂടെ നോക്കിയപ്പോൾ അലൻസിയർ ആണെന്ന് കണ്ടതും ഷോക്കായി. ഉടൻ തന്നെ സംവിധായകനെ വിളിച്ച് കാര്യം പറഞ്ഞു. പേടിക്കണ്ടെന്നും ഒരാളെ പറഞ്ഞ് വിടാമെന്നും അദ്ദേഹം പറഞ്ഞു.’
‘അലൻസിയർ ഡോർ മുട്ടിക്കൊണ്ടേയിരുന്നു. ഒടുവിൽ ഡോർ തുറന്നു. ഉടൻ അകത്തേക്ക് ചാടിക്കയറി ഡോറ് ലോക്ക് ചെയ്തു. അയാൾ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്റെ അടുത്തേക്ക് വന്നതും ഡോറിൽ ആരോ മുട്ടി. ഇത്തവണ ഞെട്ടിയത് അയാളായിരുന്നു. അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു വന്നത്. അടുത്ത ഷോട്ട് അലൻസിയറുടെ ആണെന്ന് പറഞ്ഞ് അയാൾ അദ്ദേഹത്തെ വിളിച്ച് കൊണ്ട് പോയി’.
‘ഞാൻ എതിലെ പോയാലും അയാളുടെ കണ്ണുകൾ എന്റെ പിന്നാലെ ഉണ്ടായിരുന്നു. സ്ത്രീകളുടെ ശരീരത്തെ വളരെ വൾഗറായി ചിത്രീകരിക്കുന്നതിൽ അയാൾക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പിറ്റേ ദിവസം രാവിലെ ഏകദേശം 6 മണി ആയിട്ടുണ്ടാകും. അന്ന് എന്റെ കൂടി എന്റെ ഒരു പെൺസഹപ്രവർത്തക കൂടി ഉണ്ടായിരുന്നു. ഡോറ് ബെൽ കേട്ടപ്പോൾ അവൾ പോയി തുറന്നു. അലൻസിയർ ആയിരുന്നു പുറത്ത്. അവർ തമ്മിൽ കുറച്ച് നേരം സംസാരിച്ചു. പക്ഷേ, തിരിച്ച് ഡോർ ലോക്ക് ചെയ്യാൻ അവൾ മറന്നു. കുളിക്കാനെന്ന് പറഞ്ഞ് അവൾ ബാത്ത്‌റൂമിൽ കയറി.’
‘എന്നെ ഞെട്ടിച്ച് കൊണ്ട് അയാൾ അകത്തേക്ക് കയറി വന്നു. ഞാൻ ചാടി എഴുന്നേൽക്കാൻ നോക്കി. ‘കുറച്ച് നേരം കൂടി കിടക്കൂ’ എന്ന് പറഞ്ഞ് അയാളെന്റെ കൈയ്യിൽ പിടിച്ച് വലിച്ചു. എന്റെ ബഹളം കേട്ട് കൂട്ടുകാരി എന്താ പ്രശ്നം എന്ന് വിളിച്ച് ചോദിച്ചു. അതോടെ അയാൾ പുറത്തേക്കിറങ്ങിപ്പോയി. പിന്നീട് അവളോട് കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ അവളും ഞെട്ടി.’
‘എനിക്കറിയാം, ഇതുപോലെ ഒരുപാട് പേർക്ക് അലൻസിയറുടെ ശരിക്കുള്ള മുഖം അറിയാം. അയാളെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും അറിയാം. പതുക്കെ പറയുമായിരിക്കും’- നടി വ്യക്തമാക്കുന്നു.
(ഉള്ളടക്കത്തിന് കടപ്പാട്: ഇന്ത്യ പ്രൊട്ടസ്റ്റ്)