അപർണ|
Last Updated:
ചൊവ്വ, 10 ജൂലൈ 2018 (11:53 IST)
‘മേലിലൊരാണിന്‍റെ നേര്‍ക്കും ഉയരില്ല നിന്‍റെയീ കൈ. അതെനിക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ, നീയൊരു പെണ്ണായിപ്പോയി, വെറും പെണ്ണ്” - ജൂനിയര്‍ ഐ എ എസ് ഓഫീസറായ പെണ്‍കുട്ടിയുടെ നേരെ ജോസഫ് അലക്സ് ഇങ്ങനെ അലറുമ്പോള്‍ പൊട്ടിത്തരിച്ചിരുന്നു പോയി കേരളത്തിലെ തിയേറ്ററുകള്‍.
ഇടിമുഴക്കം പോലെ കൈയടി നേടിയ ഡയലോഗാണ് അവ. ദി കിംഗ് എന്ന ചിത്രത്തില്‍ മമ്മൂട്ടി പറഞ്ഞ ആ വാചകങ്ങളില്‍ പക്ഷേ, ആ സിനിമയുടെ തിരക്കഥാകൃത്തായ രണ്‍ജി പണിക്കര്‍ അടുത്തിടെ ഖേദ പ്രകടനം നടത്തിയിരുന്നു. അങ്ങനെയൊരു ഡയലോഗ് ഞാന്‍ എഴുതിപ്പോയതില്‍ ഇന്ന് ഖേദിക്കുന്നുവെന്നായിരുന്നു രൺജി പണിക്കർ പറഞ്ഞത്.
എന്നാൽ, ജോസഫ് അലക്സ് മാത്രമല്ല അങ്ങനെയുള്ള ഡയലോഗുകൾ പറഞ്ഞിട്ടുള്ളത്. രൺജി പണിക്കർ മാത്രമല്ല അത്തരം ഡയലോഗുകൾ എഴുതിയിട്ടുള്ളത്. ചെയ്തത് തെറ്റാണെന്ന ബോധ്യം ഉണ്ടായപ്പോൾ രൺജി പണിക്കർ മാപ്പ് പറഞ്ഞ് തടിയൂരി. ഇനി അടുത്തത് സംവിധായകൻ രഞ്ജിത്തിന്റെ ഊഴമാണെന്ന് സോഷ്യൽ മീഡിയ പറയുന്നു.
സ്ത്രീവിരുദ്ധതയുടെ കാര്യത്തിൽ ജോസഫ് അലക്സിന്റെ ഒപ്പം നിർത്താൻ പറ്റുന്ന കഥാപാത്രം തന്നെയാണ് ഇന്ദുചൂഡൻ. സ്ത്രീവിരുദ്ധ ഡയലോഗുകള്‍ കൊണ്ട് സിംഹാസനം തീര്‍ത്തയാളാണ് ഇന്ദുചൂഡൻ. രഞ്ജിത് രചന നിര്‍വഹിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം.
‘വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് പാതിരായ്ക്ക് വീട്ടി വന്നുകേറുമ്പോ ചെരിപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്നേഹിക്കാനും എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും ഒടുവിലൊരുനാള്‍ വടിയായി തെക്കേപറമ്പിലെ പുളിയന്‍മാവിന്റെ വിറകിനടിയില്‍ എരിഞ്ഞുതീരുമ്പോ നെഞ്ചു തല്ലിക്കരയാനും എനിക്ക് ഒരു പെണ്ണിനെ വേണം’. എന്ന ഇന്ദുചൂഡന്റെ ഡയലോഗ് ഇന്നും പുരുഷന്മാര്‍ സ്ത്രീകള്‍ക്കെതിരെ പ്രയോഗിക്കുന്നു.