Last Modified ചൊവ്വ, 11 ജൂണ്‍ 2019 (13:57 IST)
നിപയെ പ്രതിരോധിക്കാനുള്ള തീവ്രയജ്ഞത്തിന്റെ ഭാഗമായി പുലര്‍ച്ചെ വിളിച്ചാലും ആരോഗ്യമന്ത്രി കെകെ ശൈലജ ഒറ്റ റിംഗില്‍ ഫോണെടുക്കുമെന്ന ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. അതേക്കുറിച്ച് പല മാധ്യമങ്ങളും വാര്‍ത്തകളും കൊടുത്തു. എന്നാല്‍ ആരോഗ്യമന്ത്രിയെ അവഹേളിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്
ബിജു ആലപ്പുഴ എന്നയാൾ.
‘ഞങ്ങളുടെ നാട്ടിലും ഒരു ചേച്ചി ഉണ്ടായിരുന്നു. അവരും ഒറ്റബെല്ലിന് ഫോണ്‍ എടുക്കുമായിരുന്നു. സന്ത്യകഴിഞ്ഞാല്‍ നേരം വെളുക്കുന്നതുവരെ മാത്രം’ എന്നായിരുന്നു ബിജുവിന്റെ ആലപ്പുഴയുടെ കമന്റ്. മനോരമ ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയ്ക്ക് കമന്റായാണ് ഇയാള്‍ ഇങ്ങനെ അധിക്ഷേപിച്ചത്. ഇയാള്‍ക്ക് ചുട്ടമറുപടി തന്നെ പലരും നല്‍കിയിട്ടുണ്ട്. അതിലൊരാളുടെ മറുപടി ഇങ്ങനെ ‘ഞങ്ങക്കറിയാം ചേച്ചിയെ.. അവര്‍ക്ക് ബിജു എന്ന് പേരുള്ള ഒരു മകനില്ലേ’ എന്നായിരുന്നു ഈ കമന്റ്.
ഡോ. ഗണേഷ് മോഹന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇന്നലെ വൈറലായിരുന്നു. ഊണും ഉറക്കവുമില്ലാതെ ഇതിനായി പ്രവര്‍ത്തിക്കുന്ന ഒരുപറ്റം മനുഷ്യരെ അടയാളപ്പെടുത്തുകയാണ് എറണാകുളത്തെ ഡോ. ഗണേഷ് മോഹന്‍. അതില്‍ സംസ്ഥാനത്തെ ആരോഗ്യമന്ത്രി മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ദര്‍ വരെ ഉള്‍പ്പെടുന്നെന്ന് ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം.രാത്രി വൈകി ലഭിച്ച മൂന്ന് സാംപിളുകള്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ച് ഫലത്തിനായി ഉറക്കമില്ലാതെ കാത്തിരിക്കുന്ന ആരോഗ്യമന്ത്രിയാണ് ഇതില്‍ ഒന്ന്. ഭക്ഷണം പോലും കഴിക്കാതെ ഇതേ സാംപിളുകള്‍ ഒരുമടിയും കൂടാതെ പരിശോധിക്കാന്‍ തയ്യാറായ വിദഗ്ദരാണ് മറ്റൊന്ന്. കോഴിക്കോട് നിന്നും വന്ന് ഒരാഴ്ച്ചയായി വീടും വീട്ടുകാരെയും കളഞ്ഞ് എറണാകുളത്തു രോഗികള്‍ക്കുള്ള ചികിത്സയും സംവിധാനങ്ങളും ചിട്ടപെടുത്താന്‍ ഇവിടെ ക്യാമ്പ് ചെയുന്ന ഡോ. ചാന്ദ്നി. ഇവരെല്ലാമാണ് മരണ താണ്ഡവങ്ങളില്‍ നിന്ന് ഈ നാടിനെ രക്ഷിക്കാന്‍ കാവല്‍ നില്‍ക്കുന്നതെന്നും ഡോ. ഗണേഷ് കുറിപ്പില്‍ പറയുന്നു.