‘നീനുവിനെ ആർക്കും വിട്ട് കൊടുക്കില്ല’ - കെവിന്റെ പിതാവ്

നീനുവിന്റെ പഠനച്ചിലവ് ഏറ്റെടുക്കും: വനിതാ കമ്മിഷൻ

അപർണ| Last Modified ചൊവ്വ, 29 മെയ് 2018 (11:39 IST)
പ്രണയ വിവാഹത്തെ തുടർന്ന് നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ പി ജോസഫി (23)നെ ഭാര്യാ വീട്ടുകാർ കൊലപ്പെടുത്തിയ സംഭവത്തില്‍ നീനയുടെ പഠനച്ചിലവ് മുഴുവൻ ഏറ്റെടുക്കുമെന്ന് വനിതാ കമ്മിഷൻ അറിയിച്ചു. നീനുവിനെ ആർക്കും വിട്ട് കൊടുക്കില്ലെന്ന് കെവിന്റെ പിതാവ് രാജൻ അറിയിച്ചു.

പരാതി സ്വീകരിച്ച് പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കെവിനെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു. ഒരു പകല്‍ മുഴുവന്‍ ക്വട്ടേഷന്‍ സംഘം മകനെ കൊണ്ടു നടന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള കാലം നീനുവിനെ സംരക്ഷിക്കാനാണ് തീരുമാനമെന്നും കെവിന്റെ പിതാവ് അറിയിച്ചു.

അക്രമി സംഘം പുലര്‍ച്ചെ ഒരു മണിയോടെയാണ് കെവിനെ തട്ടിക്കൊണ്ടു പോയത്. പുലര്‍ച്ചെ ആറുമണിക്ക് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും എസ്ഐ പരാതി സ്വീകരിച്ചില്ല. വൈകിട്ട് ഡിവൈഎസ്പി എത്തിയ ശേഷമാണ് പൊലീസ് പരാതി വാങ്ങിയതെന്നും രാജന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മകളെ കാണണമെന്ന ആവശ്യവുമായി നീനുവിന്റെ പിതാവും അമ്മയും എത്തിയിരുന്നു. നീനുവിനെ കാണണമെന്നും അമ്മ കാറില്‍ ഉണ്ടെന്നും സഹോദരന്‍ ഷാനു ചാക്കോ ആവശ്യപ്പെട്ടു. മകള്‍ ഇവിടെ ഇല്ലെന്നും ഹോസ്‌റ്റലില്‍ ആണെന്നും താന്‍ പറഞ്ഞതോടെ അവര്‍ തിരിച്ചു പോയെന്നും രാജന്‍ വ്യക്തമാക്കി.

കെവിനെ കണ്ടെത്താന്‍ പ്രാദേശികമായ സഹായം ലഭിച്ചോ എന്നതില്‍ സംശയമുണ്ട്. മാന്നാനത്തെ വീട്ടില്‍ കഴിഞ്ഞ മകനെ ക്വട്ടേഷന്‍ സംഘം കണ്ടെത്തുകയായിരുന്നു. പ്രതികളെ എല്ലാവരെയും പിടികൂടണമെന്നാണ് ആവശ്യമെന്നും രാജന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :