കേരളം എന്തുകൊണ്ട് ഇതുവരെ ‘മോദി-ഫൈഡ്’ ആയില്ല? - ജോൺ എബ്രഹാമിന്റെ കിടിലൻ മറുപടി

എസ് ഹർഷ| Last Modified വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (08:57 IST)
ബോളിവുഡ് നടൻ ജോൺ എബ്രഹാമിന്റെ ഒരു പരാമർശമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാഷ്ട്രീയമായി കേരളം എങ്ങനെ വേറിട്ടു നിൽക്കുന്നു എന്ന ചോദ്യത്തിനു താരം നൽകിയ മറുപടി ഏതൊരു മലയാളിയേയും അഭിമാനമുണ്ടാക്കുന്നതാണ്. മാധ്യമ പ്രവര്‍ത്തകന്‍ മുരളി കെ മേനോന്റെ ആദ്യ നോവല്‍ 'ദി ഗോഡ് ഹു ലവ്ഡ് മോട്ടോര്‍ബൈക്ക്‌സി'ന്റെ മുംബൈയിൽ നടന്ന പ്രകാശന വേദിയിലാണ് കേരളത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും ‘മോഡിഫൈഡ്’ രാഷ്ട്രീയത്തെ കുറിച്ചുള്ള കേരളത്തിന്റെ കാഴ്ചപ്പാടും ജോൺ എബ്രഹാം പറഞ്ഞത്.

'കേരളം എന്തുകൊണ്ടാണ് ഇതുവരെ 'മോഡിഫൈഡ്' ആവാത്തത്? മറ്റിടങ്ങളില്‍ നിന്ന് മലയാളികളെ വ്യത്യസ്തരാക്കുന്നതരാക്കുന്നത് എന്ത്?’. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ എന്തുകൊണ്ടാണ് ബിജെപിക്ക് കേരളത്തിൽ ശക്തരാകാൻ സാധിക്കാത്തത് എന്നതായിരുന്നു അവതാരകയുടെ ചോദ്യത്തിന്റെ അർത്ഥം. ഇതിനു താരം നൽകിയ മറുപടി ഇങ്ങനെ:

‘അതാണ് കേരളത്തിന്റെ ഭംഗിയും സൌന്ദര്യവും. ക്ഷേത്രം, മുസ്ലിം പള്ളി, ക്രിസ്ത്യൻ പള്ളി എന്നിവയെല്ലാം നിങ്ങൾക്ക് ഒരു പത്ത് മീറ്റർ ദൂരവ്യത്യാസത്തിൽ കേരളത്തിൽ കാണാൻ കഴിയും. അവിടെയൊന്നും ഒരു പ്രശ്നങ്ങളുമില്ല. സമാധാനത്തോടെയാണ് അവിടെയൊക്കെയുള്ളത്. ലോകം മുഴുവൻ മാറിക്കൊണ്ടിരിക്കുമ്പോഴും മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും സമാധാനത്തോടെ സഹജീവനത്തിനു കഴിയുന്ന പ്രദേശത്തിനു ഉദാഹരണമാണ് കേരളം’.

ക്യൂബന്‍ കമ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ മരണസമയത്ത് കേരളത്തില്‍ എത്തിയപ്പോഴത്തെ കാഴ്ചകളും ജോൺ പങ്കുവെച്ചു. 'ആ സമയത്ത് ഞാന്‍ കേരളത്തില്‍ പോയിരുന്നു. കാസ്‌ട്രോയുടെ മരണത്തില്‍ അനുശോചനം അറിയിച്ചുള്ള പോസ്റ്ററുകൾ കേരളത്തിന്റെ തെരുവോരങ്ങളിൽ ധാരാളം കണ്ടിരുന്നു, അദ്ദേഹത്തിനായി അനുശോചനം അറിയിച്ചവരാണ് കേരളീയർ. അത്തരത്തില്‍ കേരളം ശരിക്കും കമ്യൂണിസ്റ്റ് ആണ്. ഒരുപാട് മലയാളികളില്‍ ഒരു ഇടതുപക്ഷ സമീപനമുണ്ട്.‘- ജോൺ എബ്രഹാം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :