അമ്രോഹ|
Rijisha M.|
Last Modified തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (17:45 IST)
അമിതമായി വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന യുവതിയുടെ സ്വഭാവം നല്ലതല്ലെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ അമ്രോഹയിൽ യുവാവ് വിവാഹത്തിൽനിന്നും പിന്മാറി. 65 ലക്ഷം രൂപ സ്ത്രീധനം നൽകിയാൽ, യുവതിയുടെ ‘തെറ്റ്’ ക്ഷമിക്കാമെന്നും യുവാവ് പറഞ്ഞു.
നിക്കാഹിന്റെ ദിവസം യുവതിയുടെ വീട്ടിലേക്ക് വരനും സംഘവും എത്താത്തതിനെത്തുടർന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് യുവതിയുടെ സ്വഭാവം 'ശരിയല്ലാത്തതാണ്' പ്രശ്‌നം എന്ന് മനസ്സിലാക്കിയത്. യുവതി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത് കൂടുതലാണെന്നും അതുകൊണ്ട് താൻ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്നും വരനായ ഖമർ പറഞ്ഞു.
തുടർന്ന്, വിഷമത്തിലായ യുവതിയുടെ കുടുംബം ക്ഷമ ചോദിച്ചു. 65 ലക്ഷം രൂപ സ്ത്രീധനം നൽകിയാൽ യുവതിയെ നിക്കാഹ് ചെയ്യാമെന്ന് ഖമറും വീട്ടുകാരും പറഞ്ഞതായി യുവതിയുടെ പിതാവ് പറഞ്ഞു. നിക്കാഹിൽ പങ്കെടുക്കാൻ ബന്ധുക്കൾ എത്തിയിട്ടുണ്ടെന്നും തീരുമാനം മാറ്റണമെന്നും ഖമറിനോടും ബന്ധുക്കളോടും യുവതിയുടെ വീട്ടുകാർ അപേക്ഷിച്ചെങ്കിലും ഖമറിന്റെ തീരുമാനത്തിൽ
മാറ്റമുണ്ടായില്ല.
തുടർന്ന് യുവതിയുടെ പിതാവ് കേസ് കൊടുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അമ്രോഹ സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫിസർ വിപിൻ ടാഡ പറഞ്ഞു.