Rijisha M.|
Last Modified വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (11:49 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്ന് വിളിച്ചതിന്‍റെ പേരില്‍ രാജ്യദ്രോഹത്തിന് കേസെടുത്ത നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഹെഡ്ഡുമായ
ദിവ്യ സ്പന്ദന രംഗത്ത്. #PMChorHai, എന്ന് ഹാഷ് ടാഗോടെയാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്ത നടപടിക്കെതിരെ ദിവ്യ സ്പന്ദന തിരിച്ചടിച്ചത്.
ലഖ്നൗവിലെ ഗോമ്തിനഗര്‍ പൊലീസാണ് ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നത്. ഐപിസി സെക്ഷന്‍ 124-A പ്രകാരം രാജ്യദ്രോഹത്തിനും സെക്ഷന്‍ 67 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഇപ്പോൾ ട്വിറ്ററിലൂടെയാണ് ദിവ്യ വീണ്ടും വന്നിരിക്കുന്നത്. പിന്തുണച്ചവർക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടായിരുന്നു ട്വീറ്റ്.
"എനിക്ക് പിന്തുണ നൽകിയവർക്കും എന്‍റെ ട്വീറ്റ് ഇഷ്ടപ്പെടാത്തവർക്കും നന്ദി. ഞാന്‍ എന്താണ് പറയേണ്ടത്? അടുത്ത തവണ കുറച്ചുകൂടി നന്നായി ട്വീറ്റ് ചെയ്യാം. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നടപടിയില്‍ നിന്നും രാജ്യം മാറിനില്‍ക്കണം. കാലാഹരണപ്പെട്ട ആ നിയമം ദുരുപയോഗം ചെയ്യുകയാണ്. എഫ്‌ഐആര്‍ ഫയല്‍ ചെയ്തവരോട് , #PMChorHai ”- എന്നായിരുന്നു ദിവ്യ സ്പന്ദന ട്വിറ്ററിൽ കുറിച്ചത്.