'ബാലുവും മോളും കൂടെ ഇല്ലാതെ എനിക്കെന്തിനാണ് സ്വര്‍ണവും പണവും'? - കണ്ണീരിനിടയിലും ലക്ഷ്മി ചോദിക്കുന്നു

Last Modified ചൊവ്വ, 4 ജൂണ്‍ 2019 (12:38 IST)
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ബാലുവിന്റെ ഭാര്യ ലക്ഷ്മിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന രീതിയിൽ ഇവരുടെ ബന്ധുക്കളിൽ ചിലർ പ്രതികരണം നടത്തിയിരുന്നു.

നിലവിലെ വിവാദങ്ങളോട് പ്രതികരിച്ച് ലക്ഷ്മി ബാലഭാസ്‌ക്കര്‍ രംഗത്തെത്തി. താന്‍ മരിച്ചിട്ട് ബാലുജീവിച്ചാല്‍ മതിയെന്നായിരുന്നു ഇപ്പോഴത്തെ ചിന്തമുഴുവന്‍, എങ്കില്‍, ഇത്തരം ആരോപണങ്ങളൊന്നും ഉയരില്ലായിരുന്നു. അമ്മയാണ് എന്നെ കുളിപ്പിക്കുന്നതും ഭക്ഷണം തരുന്നതുമെല്ലാം. ഒന്ന് സ്വയം എഴുന്നേറ്റ് നില്‍ക്കാനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്ന് ലക്ഷ്മി ഒരു മാധ്യമത്തോട് പറഞ്ഞു.

തൃശൂര്‍ വടക്കും നാഥക്ഷേത്രത്തില്‍ പോയതായിരുന്നു ഞങ്ങള്‍. ബാലു വേറെ പരിപാടികള്‍ കമ്മിറ്റ് ചെയ്തിരുന്നതിനാല്‍ ഉടന്‍ തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ബാലു പറഞ്ഞു അര്‍ജുന്‍ കാറോടിച്ചു കൊള്ളുമെന്ന്. ബാലുവിന് ഉറങ്ങണമെന്നും. ബാലു പിന്‍സീറ്റില്‍ കിടന്നുറങ്ങി. ഞാനും മോളും മുന്നിലും ഇരുന്നു.

വണ്ടി ഓടിച്ചിരുന്ന അര്‍ജുനും അരയ്ക്ക് താഴെ പരുക്കുണ്ട്. എയര്‍ബാഗ് അര്‍ജുന്റെ ശരീരത്തെ ഭാഗികമായി രക്ഷിച്ചു.
അപകടം സംഭവിച്ച ദിവസം വാഹനം ഓടിച്ചിരുന്നത് ബാലുവായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചു പോകുകയാണെന്നും എങ്കില്‍ അദ്ദേഹം പരുക്കുകളോടെയെങ്കിലും തനിക്കൊപ്പം ഉണ്ടായേനെ എന്നും ബാലുവിന് പകരം അപകടത്തില്‍ താനായിരുന്നു മരിച്ചതെങ്കില്‍ ഇത്തരം വിവാദങ്ങള്‍ ഉയരില്ലായിരുന്നു എന്നും ലക്ഷ്മി പറയുന്നു.

അദ്ദേഹം ഒരിക്കലും ജീവിതത്തില്‍ സ്വാര്‍ഥത കാണിച്ചിട്ടില്ല. അദ്ദേഹത്തിനുണ്ടായിരുന്ന ഒരേഒരു കുഴപ്പം മറ്റുള്ളവരെ അന്ധമായി വിശ്വസിച്ചിരുന്നു എന്നുള്ളതാണ്. ഞാന്‍ വലിയ ആഭരണങ്ങളൊന്നും ധരിക്കാറില്ല. ചെറിയ കമ്മലുകളാണ് ഉപയോഗിക്കാറ്. ബാലുവും അത് മാത്രമേ എനിക്ക് വാങ്ങിത്തരാറുള്ളൂ. താലിമാല ധരിക്കാറുണ്ട്. ബാലുവും മോളും കൂടെ ഇല്ലാതെ എനിക്കെന്തിനാണ് സ്വര്‍ണവും പണവും.

അപകടസമയത്ത് ലക്ഷ്മിയുടെ ബാഗില്‍ നിറയെ സ്വര്‍ണമായിരുന്നു എന്ന ആരോപണത്തോട് പ്രതിരിക്കുകയായിരുന്നു ലക്ഷ്മി. അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറി വരുന്നതേ ഉള്ളൂ ലക്ഷ്മി. പരസഹായം കൂടാതെ നടക്കാനോ കൈകള്‍ ചലിപ്പിക്കാനോ ആവില്ല. ലക്ഷ്മിയുടെ കാര്യങ്ങള്‍ നോക്കുന്നത് അമ്മയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :