അപർണ|
Last Modified വ്യാഴം, 23 ഓഗസ്റ്റ് 2018 (09:39 IST)
മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി സിനിമ, സാംസ്കാരിക മേഖലകളിലുള്ളവരും മുന്നിട്ടിറങ്ങിയിരുന്നു. യുവതാരങ്ങളില്‍ പലരും ക്യാംപുകളില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയിരുന്നു. കൊച്ചിയിലെ രക്ഷാപ്രവർത്തകർക്കിടയിൽ
നടൻ ആസിഫ് അലിയും ഉണ്ടായിരുന്നു.
വ്യക്തി ജീവിതത്തില്‍ വലിയൊരു പാഠമാണ് ഈ അനുഭവം നല്‍കിയതെന്ന് ക്യാമ്പിൽ കുടുംബസമേതം എത്തിയ ആസിഫ് പറയുന്നു. ബാലുവും ഗണപതിയും അര്‍ജുനുമൊപ്പം താനും ചേര്‍ന്ന് ഒരു വണ്ടിയുമെടുത്ത് 3 ദിവസം മുന്‍പ് ഇറങ്ങിയതായിരുന്നു. ജയസൂര്യയാണ് ഇങ്ങനൊരു കാര്യത്തെക്കുറിച്ച് തങ്ങളോട് പറഞ്ഞതും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയതെന്നും ആഫിസ് പറയുന്നു.
‘ഇവിടെയുള്ള വോളണ്ടിയേര്‍സെല്ലാം ആത്മാര്‍ത്ഥമായാണ് ജോലി ചെയ്തത്. വീട്ടില്‍പ്പോലും പോവാതെ, ഒരു മടിയും കൂടാതെയാണ് എല്ലാവരും പ്രവര്‍ത്തിച്ചത്. നമ്മളെല്ലാവരും വിശ്വസിക്കുന്ന ദൈവം അതിനുള്ള അനുഗ്രഹം തരും. ഇത്തരത്തില്‍ കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്യാനും നമുക്ക് സാധിച്ചു. വലിയ കാര്യമാണ് നമ്മള്‍ ചെയ്തതെന്ന് ഒരിക്കലും കരുതരുത്. നമ്മളെക്കൊണ്ടാവുന്ന തരത്തിലുള്ള കാര്യങ്ങള്‍ ചെയ്തുവെന്നോര്‍ത്ത് അഭിമാനിക്കുകയാണ് വേണ്ടത്.‘
‘വെള്ളവും ബ്രെഡും നല്‍കുമ്പോള്‍ കണ്ണ് നിറഞ്ഞ് നന്ദി പറയുന്നൊരവസ്ഥ, അത്തരത്തിലൊരവസ്ഥയും നമ്മള്‍ കണ്ടു, ഇനിയൊരിക്കലും അത്തരത്തിലൊരവസ്ഥ ദൈവം നമ്മളെ കാണിക്കാതിരിക്കട്ടെയെന്നും താരം പറയുന്നു‘. ആസിഫ് അലിയുടെ പ്രസംഗം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.