അപർണ|
Last Modified വെള്ളി, 29 ജൂണ് 2018 (13:22 IST)
കൊച്ചിയില് നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിലുണ്ടായ പ്രശ്നങ്ങള് ഒതുക്കി തീര്ക്കാന് നീക്കം. ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നാല് നടിമാര് രാജി വെച്ചതോടെ ഇനിയും അമ്മയില് നിന്നും രാജി ഉണ്ടാവുമെന്നാണ് സൂചന. ഇതിനിടെ അമ്മയുടെ പേര് മാറ്റി എന്നുള്ളതാണ് രസകരമായ മറ്റൊരു കാര്യം.
അസോസിയേഷന് ഓഫ് മലയാളം മൂവി ആര്ട്ടിസ്റ്റ് എന്നതിനെ ചുരുക്കിയാണ്
അമ്മ എന്ന് പറഞ്ഞിരുന്നത്. അമ്മ എന്ന പവിത്രമായ വാക്കിനെ താരസംഘടനയ്ക്ക് ചേരില്ലെന്ന് പറഞ്ഞ് സോഷ്യല് മീഡിയ ആ പേര് മാറ്റിയിരിക്കുകയാണ്. എഎംഎംഎ എന്ന ചുരുക്കെഴുത്തായി വിശേഷിപ്പിചച്ചാല് മതിയെന്നാണ് ജനങ്ങള് പറയുന്നത്.
സംഘടനയിലേക്ക് തിരിച്ചെത്താനില്ലെന്ന് ദിലീപ് രേഖാമൂലം അറിയിച്ചതോടെ പുതിയ നീക്കവുമായി അമ്മ രംഗത്തുവന്നിരിക്കുകയാണ്. ദിലീപിന്റെ കത്ത് എക്സിക്യൂട്ടീവ് യോഗത്തില് ചര്ച്ച ചെയ്യുകയും യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട നടിമാരുമായി കൂടിക്കാഴ്ച നടത്താനുമാണ് നേതൃത്വത്തിന്റെ തീരുമാനം.
അതേസമയം, രാജി വെച്ച നടിമാരുമായി കൂടിക്കാഴ്ചയ്ക്കോ ചർച്ചയ്ക്കോ അമ്മ തയ്യാറാകുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇന്നലെ നിലപാടില് മാറ്റം വരുത്തി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു രംഗത്തുവന്നു. രാജിവച്ച നടിമാര് ശത്രുക്കളല്ലെന്നും അവര് സഹോദരിമാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്മയുടെ പ്രസിഡന്റായ നടൻ
മോഹൻലാൽ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ വിദേശത്താണ്. അദ്ദേഹം ജൂലൈ 12ന് തിരിച്ചെത്തിയാലുടൻ എക്സിക്യൂട്ടീവ് യോഗം ചേരും. ഈ യോഗത്തിലാകും നിര്ണ്ണായക തീരുമാനമുണ്ടാകുക. മോഹന്ലാല് തിരിച്ചെത്തുന്നതിന് പിന്നാലെ എക്സിക്യൂട്ടീവ് യോഗത്തിന്റെ തിയതി പ്രഖ്യാപിക്കും. വിഷയത്തിൽ ഏറ്റവും അധികം ക്രൂശിക്കപ്പെട്ടത് മോഹൻലാൽ ആണ്. അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കണമെന്ന് വരെ ആവശ്യപ്പെട്ടവരുണ്ട്. പക്ഷേ, രാജിയില്ലെന്ന നിലപാടിലാണ് അദ്ദേഹമെന്ന് സൂചന.