അപർണ|
Last Modified വ്യാഴം, 16 ഓഗസ്റ്റ് 2018 (17:51 IST)
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി (93) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വച്ചായിരുന്നു അന്ത്യം.
രോഗത്തെ തുടർന്ന് ഏറെക്കാലമായി പൊതുയിടങ്ങളില്‍നിന്നും രാഷ്ട്രീയത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു വാജ്പേയി. 2014 ല്‍ രാഷ്ട്രം ഭാരതരത്നം നല്‍കി ആദരിച്ചു. ബിജെപിയുടെ ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് വാജ്പേയി.
ബിജെപിയില്‍ മതേതരത്വ മുഖമുള്ള ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. 2009 ലാണ് അദ്ദേഹത്തിന് സ്‌ട്രോക്ക് വന്നത്. ഇതേതുടര്‍ന്ന് ശരീരം തളര്‍ന്ന അദ്ദേഹത്തിന് സംസാരിക്കാന്‍ പോലും സാധിക്കില്ലായിരുന്നു.
മൂന്ന് തവണ ഇന്ത്യന്‍ പ്രധാനമന്ത്രി പദം അലങ്കരിച്ച വാജ്പേയി
ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായിരുന്നു. വാജ്പേയി ആദ്യമായി പ്രധാനമന്ത്രി സ്ഥാനമേറ്റത് 1996 മെയ് 16നായിരുന്നു. ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം താഴെ വീണു. രാജ്യത്ത് ഏറ്റവും കുറച്ച് കാലം അധികാരത്തിലിരുന്ന കേന്ദ്ര മന്ത്രിസഭ ആദ്യ വാജ്‌പേയി മന്ത്രിസഭയാണ്.
ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ 1999 ല്‍ അധികാരം നേടിയപ്പോള്‍ വായ്‌പേയ് വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലൂടെയാണ് വാജ്‌പേയിയുടെ രാഷ്ട്രീയ പ്രവേശനം. 1942 ലായിരുന്നു ഇത്.