അനിരാജ് എ കെ|
Last Modified വെള്ളി, 7 ഫെബ്രുവരി 2020 (17:31 IST)
തൈപ്പൂയദിനത്തിൽ കാവടി കെട്ടിയാടുന്നത് ഒരു പ്രധാന വിശേഷമാണ്. പല തരത്തിലുള്ള കാവടികളുണ്ട്. വഴിപാടുകള്‍ക്ക് അനുസരിച്ച് കാവടിയാട്ടത്തിന്‍റെ സ്വഭാവം മാറുന്നു. ഇഷ്ടകാര്യങ്ങള്‍ നടക്കുന്നതിനായാണ് പലരും കാവടിനേര്‍ച്ച നടത്തുന്നത്. പൂക്കാവടി, ഭസ്‌മക്കാവടി, പീലിക്കാവടി അങ്ങനെ നേര്‍ച്ചകള്‍ മാറിമാറിവരുന്നു. മയില്‍പ്പുറത്തേറി വരുന്ന സുബ്രഹ്‌മണ്യന് സമര്‍പ്പണമായാണ് കാവടി അര്‍ച്ചനകള്‍ നടത്തുന്നത്.
മകരമാസത്തിലെ പൂയം നാളാണ് തൈപ്പൂയമായി ആഘോഷിക്കുന്നത്. താരകാസുരന്‍റെ ചെയ്തികളില്‍ നിന്നും സുബ്രഹ്മണ്യന്‍ ലോകത്തെ രക്ഷിച്ച നാളാണിത്. സുബ്രഹ്മണ്യന്‍ ജനിച്ച ദിവസമാണ് ഇതെന്നും വിശ്വാസമുണ്ട്.
തമിഴ്‌നാട്ടിലാണ് ഗംഭീരമായ രീതിയില്‍ തൈപ്പൂയ ആഘോഷങ്ങള്‍ നടക്കുന്നത്. അന്നേദിവസം മധുരയിലും പഴനിയിലും രഥോത്സവങ്ങള്‍ നടക്കുന്നു. കോയമ്പത്തൂരിലെ മരുതമലയിലും വലിയ ഉത്സവം നടക്കും. കേരളത്തിലെ സുബ്രഹ്‌മണ്യക്ഷേത്രങ്ങളിലും വലിയ രീതിയില്‍ തൈപ്പൂയ ആഘോഷം നടക്കും.
തൈമാസം എല്ലാക്കാര്യങ്ങൾക്കും ശുഭമാണെന്നാണ് പൊതുവെയുള്ള വിശ്വാസം. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾക്കു പോലും തൈമാസത്തിൽ നിവൃത്തിയുണ്ടാകുമെന്നുമാണ് കരുതുന്നത്.
പരമശിവന്‍റെ രണ്ടാമത്തെ പുത്രനായാണ് സുബ്രഹ്മണ്യനെ ഹിന്ദുപുരാണങ്ങള്‍ വിശേഷിപ്പിക്കുന്നത്. ബ്രാഹ്മണ്യം എന്നത് ശിവനെ കുറിക്കുന്നു. അതിനോട് ശ്രേയസിനെ കുറിക്കുന്ന സു എന്ന ഉപസര്‍ഗ്ഗം ചേര്‍ത്ത് സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന് സ്‌കന്ദപുരാണം പറയുന്നു.