ഫേസ്ബുക്കിലെ പത്ത് ലൈക്കുകള്‍ അഥവാ ലൈക്കുകള്‍ക്ക് പിന്നിലെ പത്ത് രഹസ്യങ്ങള്‍

VISHNU N L| Last Modified തിങ്കള്‍, 27 ജൂലൈ 2015 (12:10 IST)
ഫേസ്ബുക്കില്‍ മറ്റുള്ളവരുടെ പോസ്റ്റുകള്‍ക്കും ഫോട്ടോകള്‍ക്കും ലൈക്ക് അടിക്കാത്തവര്‍ വിരളമാണ്. അതേപോലെ തന്റെ പോസ്റ്റിന് ലഭിക്കുന്ന ലൈക്കുകള്‍കായി കണ്ണിലെണ്ണയും ഒഴിച്ച് കാത്തിരുന്ന വ്യാകുലപ്പെടുന്നവരും കുറവല്ല. ഇത്തരത്തില്‍ ലൈക്കുന്നവരും അതിനായി കാത്തിരിക്കുന്നവരും അറിയാത്തതും അറിയുന്നതുമായ ചില ലൈക്കുകള്‍ ഓണ്‍ലൈന്‍ ലോകത്ത് അഥവാ ഫേസ്ബുക്ക് ലോകത്ത് നടക്കുന്നുണ്ട്. ചുരുക്കം പറഞ്ഞാല്‍ ഫേസ്ബുക്കിലെ ലൈക്ക് ഒരു ഒന്നൊന്നര ലൈക്ക് തന്നേയാണ്. എന്തുകൊണ്ടെന്നാല്‍ ഏതാണ്ട് പത്ത് തരത്തിലുള്ള ലൈക്കുകള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്.

അവ എന്തൊക്കെയാണെന്ന് നോക്കാം. ആദ്യമായി പറയുന്ന എന്നാല്‍ സ്വാഭാവികമായി ആരും ചെയ്യുന്ന ലൈക്കാണ് ജനുവിന്‍ ലൈക്ക്.
ശരിക്കും ഇഷ്ടമായി ഉള്ളുകൊണ്ട് അറിഞ്ഞു നൽകുന്ന ലൈക്ക് എന്ന് പച്ചമലയാളത്തില്‍ പറയാം. ഇതിന് നേര്‍ വിപരീതമായി ഉണ്ടാകുന്ന ലൈക്കിനെ ഫോഴ്സ്ഡ് ലൈക്ക് എന്ന് വിളിക്കാം. അതായത്
ഇൻബോക്സിൽ പേഴ്സണൽ മെസേജ് അയച്ചും ഫോണിൽ നേരിട്ട് വിളിച്ചും നിർബന്ധിച്ചു വാങ്ങുന്ന ലൈക്കാണിത്. ഇനി മറ്റൊരു ലൈക്കുണ്ട്. അതാണ് പേ-ബാക്ക് ലൈക്ക്, ശോ, അവൻ/ അവൾ എന്റെ പോസ്റ്റ് നേരത്തെ ലൈക്കിയതാണല്ലോ, അപ്പോ ഞാനും ലൈക്കണ്ട.ഇല്ലെങ്കിൽ മോശമല്ലേ എന്നോർത്തൊരു ലൈക്ക്.

അതിലും രസകരമായ ലൈക്കിനെ നൂബ് ലൈക്ക് എന്ന് വിളിക്കാം. ഈ ലൈക്ക് വരുന്നത് അബദ്ധം പറ്റിയാണ്. കമന്റു നോക്കാൻ കയറുന്ന വഴിയിൽ അബദ്ധത്തിൽ കുത്തുന്ന ലൈക്കാണിത്. നോട്ടിഫിക്കേഷന്‍ പോസ്റ്റിട്ട മുതലാളിക്ക് കിട്ടിയ സ്ഥിതിക്ക് വെറുതെ ആളെ പിണക്കേണ്ട എന്ന് കരുതി ഒരു ലൈക്ക് അവിടെ വച്ചിട്ട് പോകുന്ന ഇത്തരക്കാരെ നൂബ് എന്നാണ് വിളിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ ഇവര്‍ ഓണ്‍ലൈന്‍ കമ്യുണിറ്റികളില്‍ ആദ്യമായി കയറിക്കൂടുമ്പോളുള്ള പരിഭ്രാന്തിയാണ് ഇതിനു കാരണം. ഓൺലൈൻ കമ്മ്യൂണിറ്റിയിലെ എട്ടുംപൊട്ടും തിരിയാത്ത പുതിയ ആളുകളാണ് ഈ നൂബ്.

അതിലും രസകരമായ മറ്റൊന്നാണ് ഹേർഡ് മെന്റാലിറ്റി ലൈക്ക്. എല്ലാവരും ലൈക്കുമ്പോള്‍ ഞാനായിട്ടെന്തിനാ മാറി നില്‍ക്കുന്നത് എന്ന് കരുതി വെറുതെ ലൈക്കുന്നവര്‍. ചുരുക്കത്തിൽ കുരങ്ങുകളെപ്പോലെ കോപ്പിയടി. സത്യത്തില്‍ എന്തിനാണ് ലൈക്കിയത് എന്നുപോലും ഈ വിദ്വാന്മാര്‍ക്ക് വിവരമുണ്ടാകില്ല. ലോങ് ഡിസ്റ്റൻസ് ലൈക്ക് എന്നൊരു വിഭാഗമുണ്ട്. ഇതൊരു ഓര്‍മ്മ പുതുക്കലാണ് എന്ന് വേണമെങ്കില്‍ ലളിതമായി പറയാം. എപ്പോഴും ബന്ധം നിലനിര്‍ത്താന്‍ പറ്റാത്ത സുഹൃത്തിന്റെ പോസ്റ്റ് അവിചാരിതമായി കാണുമ്പോൾ ഒരു വല്ലാത്ത നൊസ്റ്റാൾജിക് ലൈക്ക്. പരസ്പരം മറന്നിട്ടില്ല എന്നൊരു ഓർമപ്പെടുത്തല്‍.

മറ്റൊരു വിഭാഗമാണ് നോട്ടീസ് മീ ലൈക്ക്. അതായത് ശ്രദ്ധ പിടിച്ചുപറ്റാനായി കാണിക്കുന്ന കോപ്രായം എന്ന് വേണമെങ്കില്‍ പറയാം. ഇഷ്ടമുള്ള ആൾ ശ്രദ്ധിക്കാൻ, അവരുടെ ആരും ലൈക്കാത്ത പോസ്റ്റിൽ കയറി ലൈക്കുക എന്നതാണ് ഇക്കാര്യത്തില്‍ ചെയ്യുക്. കൂട്ടത്തില്‍ സമാനമായ സ്വഭാവമുള്ള ലൈക്കാണ് മാനിപ്പുലേറ്റീവ് ലൈക്ക്. അതായത്
ഫ്രണ്ട്റിക്വസ്റ്റ് അയച്ച് അത് അക്സെപ്റ്റ് ചെയ്യുംമുമ്പുവരെ മറ്റേയാളുടെ ടൈംലൈനിൽ കയറി ശ്രദ്ധയാകർഷിക്കാനായി ലൈക്കോടു ലൈക്ക്.

ഇനി വേറെ രണ്ട് ലൈക്കുകൂടിയുണ്ട്, അതാണ് ഒഎസ്ഡി ലൈക്കും, പിറ്റി ലൈക്കും. രണ്ടും ഏകദേശം സമാനമാണ്. ഒഎസ്ഡി ലൈക്കില്‍ 49 ലൈക്കിൽ എത്തി നിൽക്കുന്നതിനെ 50 ആക്കാനുള്ള വ്യഗ്രത. ആരും തിരിഞ്ഞുനോക്കാത്ത സുഹത്തിന്റെ പോസ്റ്റിനു സഹതാപം തോന്നി കൊടുക്കുന്ന ലൈക്കിനേയാണ് പിറ്റി ലൈക്കെന്ന് പറയുന്നത്. ഇപ്പോള്‍ മനസിലായില്ലെ ലൈക്കെന്ന് പറഞ്ഞാല്‍ വെറും കുട്ടിക്കളിയല്ലെന്ന്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :