Sumeesh|
Last Modified ചൊവ്വ, 6 നവംബര്‍ 2018 (14:53 IST)
നമുക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ട മധുര പലഹാരമാണ് ജിലേബി. ചില കല്യാണ ചടങ്ങുകളിൽ ജിലേബി ലൈവായി ഉണ്ടാക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും എന്നാൽ ഇതിൽ ചേർക്കുന്ന ചേരുവകളെക്കുറിച്ചും അതിന്റെ പാകത്തെക്കുറിച്ചുമൊന്നും പലർക്കും അറിവുണ്ടാവില്ല. എന്നാൽ ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പലഹാരമാണ്.
ജിലേബിക്ക് വേണ്ട ചേരുവകൾ
മൈദ - രണ്ട് കപ്പ്
തൈര് - 2 ടേബിൾ സ്പൂൺ
പഞ്ചസാര
രണ്ട് കപ്പ്
അരിപ്പൊടി - അര കപ്പ്
മഞ്ഞള്‍ പൊടി - ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
ബേക്കിങ് പൗഡര്‍ -കുറച്ച്
ഓയിൽ വറുക്കാൻ ആവശ്യത്തിന്
ഇനി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ആദ്യം ചെയ്യേണ്ടത് മൈദയും തൈരും വെള്ളവും ചേർത്ത് നല്ല മയത്തിൽ കലക്കി 24 മണിക്കൂർ നേരം വക്കണം. തലേ ദിവസം തന്നെ ഇത് ചെയ്തുവക്കുക. ശേഷം ഈ മിശ്രിതത്തിലേക്ക് അരിപ്പൊടി, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, ബേക്കിംഗ് പൌഡർ എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
രണ്ട് കപ്പ് പഞ്ചസാരയിൽ ഒരു കപ്പ് വെള്ളം ചേർത്ത് പഞ്ചസാര പാന തയ്യാറാക്കി വക്കുക. തുടർന്ന് മിക്സിയിൽ അടിച്ച മിശ്രിതം ഒരു പ്ലാസ്റ്റിക് കവറിൽ കോൺ ആകൃതിയിൽ ആക്കി വക്കുക. പാനിൽ എണ്ണ ചൂടാക്കിയ ശേഷം, കോണാകൃതിയിലാക്കിയ കവറിന്റെ കൂർത്ത അറ്റം ആവശ്യത്തിന് വലിപ്പത്തിൽ മുറിച്ച് ഇഷ്ടമുള്ള ഷേപ്പിൽ ജിലേബി വറുത്തെടുക്കാം. വറുത്തുകോരുന്ന ജിലേബി പഞ്ചസാരപ്പാനയിൽ മുക്കി വക്കുക. ജിലേബി റെഡി