സ്മാര്‍ട്‌ സിറ്റി: പരിസ്ഥിതി സൗഹൃദ മന്ദിരങ്ങള്‍ക്കുള്ള അപേക്ഷ നല്‌കും

കൊച്ചി| WEBDUNIA|
PRO
PRO
കൊച്ചി സ്മാര്‍ട്‌ സിറ്റിയില്‍ ആദ്യ പരിസ്ഥിതി സൗഹൃദ ഐടി മന്ദിര സമുച്ചയം നിര്‍മിക്കാന്‍ പാരിസ്ഥിതിക അനുമതിക്കായി ജൂണ്‍ 15നകം അപേക്ഷ സമര്‍പ്പിക്കും. പ്ലാറ്റിനം റേറ്റിങ്ങുള്ള പരിസ്ഥിതി സൗഹൃദ സമുച്ചയം നിര്‍മിക്കാനാണു തീരുമാനം. സ്മാര്‍ട്‌ സിറ്റിയുടെ സി ഇ ഒയായി ജിജോ ജോസഫിനെ അടുത്തമാസം ചുമതലയേല്‍പ്പിക്കും.

പരിസ്ഥിതി സൗഹൃദ നിര്‍മാണരീതികളില്‍ ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന മന്ദിരങ്ങള്‍ക്കാണു പ്ലാറ്റിനം റേറ്റിങ്‌ നല്കുന്നത്‌. രാജ്യാന്തര നിലവാരത്തില്‍ മന്ദിരങ്ങള്‍ നിര്‍മിക്കുന്നത്‌ രാജ്യാന്തര കമ്പനികളെ ആകര്‍ഷിക്കുന്നതില്‍ ഗുണകരമാകും. സ്മാര്‍ട്‌ സിറ്റി പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായിട്ടുള്ള യോഗത്തിലാണു പരിസ്ഥിതി സൗഹൃദ മന്ദിരങ്ങള്‍ നിര്‍മിക്കാനുള്ള തീരുമാനമായാത്. ജൂലൈയില്‍ തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്‌.

നിര്‍മാണ മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കുന്നതിനായി ആഴ്ചയിലൊരിക്കല്‍ കണ്‍സള്‍റ്റന്റുമാരുടെ യോഗം ചേരാനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായുള്ള പാലങ്ങളുടെ നിര്‍മാണത്തിന്‌ അടുത്ത ആഴ്ച തന്നെ ടെന്‍ഡര്‍ ക്ഷണിക്കാനും തീരുമാനമായി.

യോഗത്തില്‍ കാനഡ ലീഡ്‌ ആര്‍ക്കിടെക്ട്‌ കമ്പനി ബി പ്ലസ്‌ എച്ച്‌, പ്രോജക്ട്‌ മാനേജ്മെന്റ്‌ കണ്‍സള്‍റ്റന്റായ സിനര്‍ജി പ്രോപ്പര്‍ട്ടീസ്‌ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.

ചീഫ്‌ സെക്രട്ടറി ഇ കെ ഭരത്‌ഭൂഷണ്‍ സ്മാര്‍ട്‌ സിറ്റി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ചീഫ്‌ സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായാണു അദ്ദേഹം സ്മാര്‍ട്‌ സിറ്റി പ്രദേശം സന്ദര്‍ശിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :