പ്രശസ്ത മൊബൈല്‍ നിര്‍മ്മാതാക്കളായ നോക്കിയ 2000 കോടി രൂപ നികുതി അടയ്ക്കണമെന്ന ആദായനികുതി വകുപ്പിന്റെ നോട്ടീസിന് ദില്ലി ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ. ആദായനികുതി അടക്കാത്തതിനാല്‍ ഈ വര്‍ഷം ജനുവരിയില്‍ ഹാജരാകണമെന്ന് നോക്കിയ കമ്പനിയോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ 2000 കോടി രൂപ അടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി മാര്‍ച്ച് 21നാണ് നോകിയയ്ക്ക് നോട്ടീസ് നല്‍കിയത്. ഇതിനെതിരെ മാര്‍ച്ച് 22ന് നോകിയ ദില്ലി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് താല്‍ക്കാലിക സ്റ്റേ അനുവദിച്ചത്.
ഇന്ത്യയും ഫിന്‍ലാന്‍ഡും തമ്മില്‍ നികുതിസംബന്ധമായ കരാറുകള്‍ പരിശോധിച്ചു ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് നോകിയയുടെ നയം. ഇന്ത്യയിലെ നിയമങ്ങള്‍ കൂടി വിലയിരുത്തിയ ശേഷം ആദായനികുതി വകുപ്പ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കുമെന്നും നോകിയ വക്താവ് അറിയിച്ചു.
ഫിന്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോക്കിയ 18 വര്‍ഷം മുമ്പാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. വളരെ ചുരുങ്ങിയകാലം കൊണ്ട് ഇന്ത്യന്‍ ഉപഭോക്താക്കളുടെ പ്രിയ ബ്രാന്‍ഡായി മാറാന്‍ നോക്കിയയ്ക്ക് സാധിച്ചു. പിന്നീട് ഇന്ത്യയില്‍ ഏറ്റവുമധികം മൊബൈല്‍ ഹാന്‍ഡ് സെറ്റ് വില്‍ക്കുന്ന കമ്പനി എന്ന നേട്ടവും നോക്കിയയ്ക്ക് കൈവരിക്കാന്‍ സാധിച്ചു.