ദിവസവും 12-13 കി മീ റോഡ് നിര്‍മ്മിക്കും: കമല്‍‌നാഥ്

ന്യൂഡല്‍ഹി| WEBDUNIA|
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ഓരോ ദിവസവും 12 മുതല്‍ 13 കിലോ മീറ്റര്‍ റോഡ് നിര്‍മ്മിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി കമല്‍ നാഥ് പറഞ്ഞു. റോഡ് നിര്‍മ്മാണത്തില്‍ സ്വകാര്യ മേഖലയ്ക്ക് 60 ശതമാനം പങ്കാളിത്തം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

രാജ്യത്തെ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി, കഴിഞ്ഞ വര്‍ഷം കമല്‍‌നാഥ് മന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷം നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദിവസവും 20 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണ പദ്ധതി കൊണ്ടുവന്നിരുന്നു. താന്‍ ഗതാഗത മന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം പതിനൊന്ന് മാസത്തിനിടെ മുപ്പത്തിരണ്ടോളം പദ്ധതികള്‍ നടപ്പിലാക്കിയെന്നും അദ്ദേഹം അറിയിച്ചു.

ഇതിന്റെ മുന്‍ വര്‍ഷം കേവലം എട്ട് പദ്ധതികളാണ് നടപ്പിലായിരുന്നതെന്ന് ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് കമല്‍‌നാഥ് പറഞ്ഞു. ട്രക്കുകള്‍ക്ക് നാഷണല്‍ പെര്‍മിറ്റ് നല്‍കുമെന്നും മെയ് അഞ്ചു മുതല്‍ ഇത് നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു.

അടുത്ത മൂന്നുനാലു വര്‍ഷത്തിനകം ഇന്ത്യയിലെ റോഡ് വികസന പദ്ധതികളില്‍ കാനഡയില്‍ നിന്ന് അഞ്ചു ബില്യണ്‍ ഡോളര്‍ (ഏകദേശം 22,800 കോടി രൂപ) നിക്ഷേപമുണ്ടാവുമെന്ന് കമല്‍നാഥ് പ്രതീക്ഷപ്രകടിപ്പിച്ചിരുന്നു. ദേശീയപാതാ വികസന പദ്ധതി (എന്‍എച്ച്ഡിപി) യില്‍ പങ്കാളികളാവുന്ന കാര്യം കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സജീവ പരിഗണനയിലാണ്.
റോഡ് വികസന പദ്ധതികള്‍ക്കായി സ്വകാര്യമേഖലയില്‍ നിന്ന് വരേണ്ട 40 ബില്യണ്‍ യുഎസ് ഡോളറില്‍ പത്തു ബില്യണ്‍ ഡോളറോളം വിദേശ ഫണ്ടുകളില്‍ നിന്നു ലഭ്യമായേക്കും. ഇതില്‍ അഞ്ചു ബില്യണ്‍ കാനഡയില്‍ നിന്നാവും. അടുത്ത രണ്ടു മാസത്തിനകം ഒമ്പതു വന്‍കിട പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ടെന്‍ഡറിനായി വെയ്ക്കുമെന്ന് കമല്‍നാഥ് അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :