മന്ത്രിസഭാ ഉപസമിതി മൂന്നാറിലെത്തി

മൂന്നാര്‍| WEBDUNIA|
മൂന്നാറിലെ അനധികൃത ഭൂമി കൈയേറ്റത്തെക്കുറിച്ച് പഠിക്കുന്നതിനായി മന്ത്രിസഭാ ഉപസമിതി മൂന്നാറിലെത്തി. വ്യാഴാഴ്ച രാത്രി വൈകി ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മന്ത്രിസഭാ ഉപസമിതി ശേഖരിക്കുന്ന വിവരങ്ങള്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യും.

ആഭ്യന്ത്രമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, വനംമന്ത്രി ബിനോയ്‌ വിശ്വം, റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍, വൈദ്യുതമന്ത്രി എ കെ ബാലന്‍, പി കെ ഗുരുദാസന്‍, നിയമമന്ത്രി എം വിജയകുമാര്‍, തദ്ദേശഭരണമന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി എന്നിവരുള്‍പ്പെട്ട മന്ത്രിസഭാ ഉപസമിതി സംഘമാണ് മൂന്നാര്‍ സന്ദര്‍ശിക്കുന്നത്. ഇവരെക്കൂടാതെ മന്ത്രിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, പി ജെ ജോസഫ്‌ എന്നിവരും മൂന്നാറിലെത്തിയിട്ടുണ്ട്‌.

മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും റിസോര്‍ട്ടുകള്‍ക്കുള്ള അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനും വെള്ളിയാഴ്ച തിരുവനന്തപുരത്ത്‌ ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചിരുന്നു. പാട്ടഭൂമിയില്‍ അനധികൃതമായി ടാറ്റ നിര്‍മ്മിച്ച ചെക്ക്‌ ഡാം പൊളിച്ചുകളയാനും തീരുമാനമായിയിരുന്നു.

മൂന്നാറിലെ ഭൂമി കൈയേറ്റം തടയാന്‍ സര്‍ക്കാര്‍ മുന്‍ കൈയെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. മൂന്നാര്‍ സന്ദര്‍ശിച്ചതിനു ശേഷം ചേരുന്ന ഉപസമിതി റിപ്പോര്‍ട്ട്‌ തയ്യാറാക്കി മന്ത്രിസഭായോഗത്തിന്‌ നല്‍കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :