ക്രെഡിറ്റ് കാര്‍ഡ് ബാധ്യത: ഐസിഐസിഐക്ക് പുതിയ മാര്‍ഗം
ന്യൂഡല്‍ഹി|
WEBDUNIA|
ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ബാധ്യത ഈടാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐ സി ഐ സി ഐ പുതിയ രീതി നടപ്പാക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് വഴി നല്കുന്ന വായ്പയുടെ തിരിച്ചടവ് തുക ജോലിക്കാരന്റെ ശമ്പളത്തില്‍ നിന്ന് കുറയ്ക്കാന്‍ തൊഴില്‍ ദാതാവിനോട് ആവശ്യപ്പെടുന്ന പുതിയ ഉപാധി ബാങ്ക് എഴുതി ചേര്‍ത്തു.
തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കുന്ന തുക ബാങ്കിന് അടയ്ക്കണം. കാര്‍ഡുടമയ്ക്കോ തൊഴില്‍ ദാതാവിനോ തുക ഈടാക്കുന്നതില്‍ നിന്ന് ബാങ്കിനെ നിയന്ത്രിക്കാന്‍ അധികാരമില്ലെന്ന് പുതിയ ഉപാധിയില്‍ പറയുന്നു. ക്രെഡിറ്റ് കാര്‍ഡ് വഴി നല്കുന്ന വായ്പ തുക തിരിച്ചടയ്ക്കാന്‍ വീഴ്ച വരുത്തുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമാണ് പുതിയ നിയമം ബാധകമെന്ന് ബാങ്കിന്റെ ഒരു വക്താവ് പറഞ്ഞു.
തിരിച്ചടവ് തുക ശമ്പളത്തില്‍ നിന്ന് ഈടാക്കി ബാങ്കില്‍ അടയ്ക്കാന്‍ തൊഴില്‍ സ്ഥാപനത്തിന് നേരിട്ട് ബാങ്കിന് നിര്‍ദ്ദേശം നല്‍കാം. ശമ്പളത്തില്‍ നിന്ന് എത്ര തുക വീതം ഈടാക്കണമെന്ന് തീരുമാനിക്കുന്നതിനുള്ള പൂര്‍ണ അധികാരം ബാങ്കിനാണ്. തൊഴില്‍ സ്ഥാപനവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ശമ്പളത്തില്‍ നിന്ന് വെട്ടിക്കുറക്കേണ്ട തുക സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
ജൂലൈ 23 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതായി ബാങ്ക് അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡ് ബാധ്യത ശമ്പളത്തില്‍ നിന്ന് ഈടാക്കുന്ന രീതി ആദ്യമായാണ് ഒരു സ്വകാര്യ ബാങ്ക് ഇന്ത്യയില്‍ നടപ്പാക്കുന്നത്. മറ്റ് ബാങ്കുകളും ഈ വഴി അവലംബിച്ചേക്കുമെന്നാണ് സൂചന.