വാണിജ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പളത്തില്‍ വര്‍ദ്ധനവ് ഏര്‍പ്പെടുത്താന്‍ മുന്‍ ജോയിന്‍റ് ലേബര്‍ കമ്മിഷണര്‍ പി.എം. രഘുകുമാര്‍ അധ്യക്ഷനായ കമ്മിറ്റി ശുപാര്‍ശ ചെയ്തു. ശമ്പളത്തില്‍ 43 മുതല്‍ 53 ശതമാനം വരെ വര്‍ധനയ്ക്കാണ് ശുപാര്‍ശ.
ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ലോഡ്ജുകള്‍, കടകള്‍, മറ്റ് വാണിജ്യസ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന 20 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. റിപ്പോര്‍ട്ട് മന്ത്രി പി.കെ. ഗുരുദാസനു സമര്‍പ്പിച്ചു.
1998- 99 വര്‍ഷം അടിസ്ഥാനമാക്കിയുള്ള ഉപഭോക്‌തൃ വിലസൂചികയുടെ 130 പോയിന്‍റിന് മുകളിലുള്ള ഓരോ പോയിന്‍റിനും 30 രൂപ 24 പൈസ ക്ഷാമബത്ത നല്‍കാനും കമ്മിറ്റി ശുപാര്‍ശ ചെയ്‌തു. അഞ്ചു മുതല്‍ 10 വര്‍ഷം വരെ സര്‍വീസുള്ള തൊഴിലാളികള്‍ക്ക് അടിസ്ഥാന ശമ്പളത്തിന്‍റെ അഞ്ചു ശതമാനവും 10 മുതല്‍ 15 വരെ സര്‍വീസുള്ളവര്‍ക്ക് 10 ശതമാനവും 15 വര്‍ഷത്തിനു മുകളിലുള്ളവര്‍ക്കു 15 ശതമാനവും വെയിറ്റേജായി നല്‍കാനും ശുപാര്‍ശയുണ്ട്.
കൊറിയര്‍ സ്ഥാപനങ്ങള്‍, ഡിടിപി സെന്‍ററുകള്‍, ഇന്‍റര്‍നെറ്റ് കഫേകള്‍, ടെലിഫോണ്‍ ബൂത്തുകള്‍, കാറ്ററിങ് സര്‍വീസുകള്‍, ഹൗസ്ബോട്ട് സര്‍വീസ് എന്നീ മേഖലകളിലെ തൊഴിലാളികളെയും മിനിമം വേതന പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചു. മിനിമം വേതനം പുതുക്കി നിശ്ചയിക്കാന്‍ പി.എം. രഘുകുമാര്‍ അധ്യക്ഷനായി പതിനഞ്ചംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു.