ആദായനികുതി പിരിക്കാനുള്ള രീതിയില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന പ്രത്യക്ഷ നികുതി ചട്ട ബില്‍-2013ന്റെ കരട് പൊതുജനാഭിപ്രായത്തിനായി ധനമന്ത്രാലയം പ്രസിദ്ധീകരിച്ചു.
10 കോടിയിലധികം രൂപ വാര്‍ഷിക വരുമാനമുള്ള അതിസമ്പന്നര്‍ക്ക് 35 ശതമാനം നികുതി ചുമത്തണമെന്ന് കരടില്‍ നിര്‍ദേശിക്കുന്നു. നിലവിലുള്ള മൂന്നു സ്ലാബുകള്‍ക്കു പുറമേയാണ് നാലാമതായി അതിസമ്പന്നര്‍ക്ക് 35 ശതമാനം നികുതി നിര്‍ദേശിക്കുന്നത്.
പാര്‍ലമെന്റ് സ്ഥിരം സമിതിയാണ് 10 കോടി രൂപയ്ക്കുമേല്‍ വരുമാനമുള്ളവരില്‍ നിന്ന് ഉയര്‍ന്ന നികുതി ഈടാക്കണമെന്ന് നിര്‍ദേശിച്ചത്. സമിതിയുടെ 190 നിര്‍ദേശങ്ങളില്‍ 153 എണ്ണം ഉള്‍പ്പെടുത്തിയുള്ള കരടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്.
50 വര്‍ഷം പഴക്കമുള്ള ആദായനികുതി നിയമത്തിന് പകരം സര്‍ക്കാര്‍ കൊണ്ടുവന്ന പ്രത്യക്ഷ നികുതി ചട്ടത്തില്‍ 2010-ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലില്‍ സമിതി വരുത്തിയ മാറ്റങ്ങളും ഉള്‍പ്പെടുത്തിയാണ് പ്രത്യക്ഷ നികുതിചട്ടത്തിന്റെ കരട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മുതിര്‍ന്ന പൌരന്‍മാരുടെ നികുതിയിളവിനുള്ള പ്രായപരിധി 65-ല്‍ നിന്ന് 60 ആക്കി കുറക്കണമെന്ന് നിര്‍ദേശിക്കുന്ന കരടില്‍ ആദായനികുതി പരിധി മൂന്നുലക്ഷമാക്കി ഉയര്‍ത്തണമെന്ന പാര്‍ലമെന്റ് സമിതിയുടെ ശുപാര്‍ശ തള്ളിയിട്ടുണ്ടുമുണ്ട്.
രണ്ടുലക്ഷം രൂപയ്ക്ക് താഴെവരുമാനമുള്ളവരെ ആദായനികുതി നല്‍കുന്നതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. സ്ലാബുകളില്‍ ചെറിയ മാറ്റം വരുത്തണമെന്ന പാര്‍ലമെന്റ് സമിതിയുടെ നിര്‍ദേശം 60,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്ന് കാട്ടി കരടില്‍ നിന്നൊഴിവാക്കി.
രണ്ട് ലക്ഷത്തിനും അഞ്ചു ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ 10 ശതമാനവും അഞ്ച് ലക്ഷത്തിനും 10 ലക്ഷത്തിനുമിടയ്ക്ക് വരുമാനമുള്ളവര്‍ 20 ശതമാനവും 10 ലക്ഷത്തിനുമുകളില്‍ 30 ശതമാനവും നികുതി നല്‍കണം.
ഒരു കോടി രൂപയ്ക്ക് മേല്‍ വരുമാനമുള്ളവര്‍ പത്തു ശതമാനം സര്‍ചാര്‍ജ്ജ് കൂടിനല്‍കണം. 42,800 ആളുകള്‍ ഒരുകോടി രൂപക്ക് മുകളില്‍ വരുമാനമുള്ളവരാണെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്കുകള്‍.
ആസ്തികളില്‍ നിന്നുള്ള വരുമാനം വാണിജ്യകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെങ്കില്‍ പ്രത്യേകമായി തന്നെ നികുതി കണക്കാക്കുന്നതിന് പരിഗണിക്കാനും ഭൗതിക, ധന ആസ്തികളെന്ന വ്യത്യാസമില്ലാതെ സ്വത്ത് നികുതി കണക്കാക്കാനുമാണ് കരടില്‍ നിര്‍ദേശമുള്ളത്.
ഇത് നടപ്പായാല്‍ വിലകൂടിയ ചിത്രകലകളടക്കമുള്ള ആസ്തികള്‍ സ്വത്ത് നികുതിയുടെ പരിധിയില്‍ വരും. 0.25 ശതമാനം നിരക്കില്‍ സ്വത്ത് നികുതി കണക്കാക്കാനാണ് കരടില്‍ നിര്‍ദേശിക്കുന്നത്.