ഒരു ലിറ്റര്‍ പെട്രോളിന് നഷ്ടം 4.60 രൂപ: ഐ‌ഒ‌സി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 21 ഓഗസ്റ്റ് 2009 (16:03 IST)
PRO
PRO
പൊതുമേഖല എണ്ണകമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില്‍‌പനയില്‍ കനത്ത നഷ്ടം നേരിടുന്നതായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. ഐ‌ഒ‌സി, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയ്ക്ക് പെട്രോള്‍ വില്‍‌പനയില്‍ ലിറ്ററിന് 4.60 രൂപയും ഡീസല്‍ വില്‍‌പനയില്‍ ലിറ്ററിന് 2.33 രൂപയും നഷ്ടം നേരിടുന്നതായി ഐ‌ഒ‌സി ഡയറക്ടര്‍ ജിസി ദാഗ പറഞ്ഞു.

ചില്ലറ വില്‍‌പന നിരക്ക് പുനരവലോകനം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍ മണ്ണെണ്ണ ലിറ്ററിന് 15.46 രൂപയും പാചകവാതകം സിലിണ്ടറിന് 158.78 രൂപയും നഷ്ടം നേരിടുന്നുണ്ട്. നാല് ഇന്ധനങ്ങളുടെയും വില്‍‌പനയില്‍ മൂന്ന് എണ്ണക്കമ്പനികള്‍ക്കും കൂടി ഒരു ദിവസം ഉണ്ടാവുന്ന നഷ്ടം 200 കോടി രൂപയോളം വരും.

നടപ്പ് വര്‍ഷം പെട്രോളും ഡീസലും ഇറക്കുമതി ചെയ്യില്ലെന്ന് ദാഗ അറിയിച്ചു. വിതരണത്തിലുണ്ടാകുന്ന കമ്മി റിലയന്‍സ് ഇന്‍ഡസ്ട്രീസ് പോലുള്ള തദ്ദേശീയ റിഫൈനറികളില്‍ നിന്ന് കണ്ടെത്തി നികത്തും. ആര്‍‌ഐ‌എല്‍, എസ്സാര്‍ ഓയില്‍, മാംഗ്ലൂര്‍ റിഫൈനറി എന്നിവയില്‍ നിന്ന് ഐ‌ഒ‌സി പെട്രോളും ഡീസലും വാങ്ങുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :