പെട്രോള്‍, ഡീസല്‍ വില കുറയ്ക്കണമെന്ന് ബിജെപി

ന്യൂഡല്‍ഹി| WEBDUNIA|
പെട്രോള്‍, ഡീസല്‍ ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വില ഉയര്‍ത്തിയതിലൂടെ സാധാരണക്കാരെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില നേരിയ തോതില്‍ കുറഞ്ഞിട്ടും സര്‍ക്കാര്‍ ധൃതി പിടിച്ച് വില ഉയര്‍ത്തുകയായിരുന്നെന്ന് പാര്‍ട്ടി വക്താവ് പ്രകാശ് ജാവേദ്കര്‍ പറഞ്ഞു. പാര്‍ലമെന്‍റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആം ആദ്മിയുടെ പേരില്‍ തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ച യുപിഎ അത്തരം ജനവിഭാഗത്തെത്തന്നെയാണ് കൊള്ള ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യത്ത് നിലനില്‍ക്കുന്ന വരള്‍ച്ചയ്ക്കെതിരെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ജാവേദ്കര്‍ കുറ്റപ്പെടുത്തി. മഴ ലഭിക്കാത്തതിനാല്‍ കര്‍ഷകരെല്ലാം ദുരിതത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനിടെ, പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ നടപ്പ് വര്‍ഷം രാജ്യത്ത് 2,263 പുതിയ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി ജിതിന്‍ പ്രസാദ ലോക്സഭയില്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :