രാജ്യത്ത് 2,263 പുതിയ പെട്രോള്‍ പമ്പുകള്‍

PROPRO
പൊതുമേഖല എണ്ണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ നടപ്പ് വര്‍ഷം രാജ്യത്ത് 2,263 പുതിയ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കും. കേന്ദ്ര പെട്രോളിയം സഹമന്ത്രി ജിതിന്‍ പ്രസാദ ആണ് ഇക്കാര്യമറിയിച്ചത്.

നിലവില്‍ 35,068ല്‍ കൂടുതല്‍ പെട്രോള്‍ പമ്പുകളാണ് പൊതുമേഖല കമ്പനികളുടെതായി രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ 18,140ഉം, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍റെ 8,539ഉം, ഭാരത് പെട്രോളിയത്തിന്‍റെ 8,389ഉം പെട്രോള്‍ പമ്പുകളാണ് നിലവില്‍ ഉള്ളത്.

ഉത്തര്‍പ്രദേശില്‍ മാത്രം 4,262 പെട്രോള്‍ പമ്പുകളുണ്ട്. അതേസമയം ലക്ഷദ്വീപില്‍ ഒരെണ്ണം പോലുമില്ല. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഏഴ് പെട്രോള്‍ പമ്പുകളുണ്ട്. തമിഴ് നാട് (2,962), ആന്ധ്രപ്രദേശ് (2,921), പഞ്ചാബ് (2,652), രാജ്സ്ഥാന്‍ (2,343), കര്‍ണ്ണാടക (2,260) എന്നിവയാണ് കൂടുതല്‍ പെട്രോള്‍ പമ്പുകളുള്ള മറ്റ് സംസ്ഥാനങ്ങള്‍.

രാജ്യത്ത് 14 പുതിയ എല്‍പിജി ബോട്ട്ലിംഗ് പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ മൂന്ന് കമ്പനികളും ആവശ്യമുന്നയിച്ചിട്ടുണ്ടെന്ന് മറ്റൊരു ചോദ്യത്തിനുത്തരമായി പ്രസാദ പറഞ്ഞു. നിലവില്‍ ഇത്തരത്തിലുള്ള 182 പ്ലാന്‍റുകളാണ് രാജ്യത്തുള്ളത്. പുതിയ ബോട്ട്ലിംഗ് പ്ലാന്‍റുകളില്‍ മഹാരാഷ്ട്രയില്‍ നാലെണ്ണവും മദ്ധ്യപ്രദേശിലും ഉത്തര്‍ പ്രദേശിലും തമിഴ് നാട്ടിലും രണ്ടെണ്ണം വീതവും ആന്ധ്രപ്രദേശ്, ചത്തിസ്ഖണ്ഡ്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ ഓരോന്നുവീതവുമായിരിക്കും സ്ഥാപിക്കുക.
ന്യൂഡല്‍ഹി| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :