രാജ്യത്ത് തുടരുന്ന തൊഴില്‍ നഷ്ടം ഒന്നോ രണ്ടോ മാസത്തിനകം അവസാനിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഓട്ടോ മൊബൈല്‍, സ്റ്റീല്‍ എന്നിവ പോലുള്ള സുപ്രധാന വ്യവസായ മേഖലകള്‍ തിരിച്ചുവരവിന്‍റെ സൂചനകള്‍ കാണിച്ചുതുടങ്ങിയതായും കേന്ദ്ര വാണിജ്യ സെക്രട്ടറി ഗോപാല്‍ കൃഷ്ണ പിള്ള പറഞ്ഞു.
തൊഴില്‍ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 2008 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ അഞ്ച് ലക്ഷത്തോളം തൊഴില്‍ നഷ്ടമാണ് രാജ്യത്തുണ്ടായത്. ഇതിലധികവും കയറ്റുമതിയിലധിഷ്ഠിതമായ മേഖലകളിലായിരുന്നു. കയറ്റുമതി മേഖല മെച്ചപ്പെടുന്നുണ്ടെങ്കിലും ഓര്‍ഡറുകള്‍ കൃസ്തുമസിന് ശേഷം മാത്രമേ കാര്യമായി ഉയരാന്‍ സാധ്യതയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തിന്‍റെ കയറ്റുമതി മേഖല തിരിച്ചുവരവിന്‍റെ പാതയിലാണെന്ന് കഴിഞ്ഞയാഴ്ച ഇന്ത്യന്‍ കയറ്റുമതി സംഘടന ഫെഡറേഷന്‍ പ്രസിഡന്‍റ് എ ശക്തിവേല്‍ അഭിപ്രായപ്പെട്ടിരുന്നു.
രാജ്യത്തിന്‍റെ സാമ്പത്തിക സാഹചര്യം മെയ് മാസത്തോടെ സ്ഥിരത കാണിക്കാന്‍ തുടങ്ങുമെന്ന് പിള്ള പറഞ്ഞു. ഫെബ്രുവരിയില്‍ സ്റ്റീല്‍, വാഹന വ്യവസായങ്ങള്‍ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്. ആഭ്യന്തര സ്റ്റീല്‍ ഉല്‍പാദനം 2.8 ശതമാനത്തില്‍ നിന്ന് 4.74 ശതമാനമായാണ് ഉയര്‍ന്നത്. കാര്‍ വില്‍പന 21.8 ശതമാനം ഉയര്‍ന്നു. 94,757 യൂണിറ്റില്‍ നിന്ന് 1,15,386 യൂണിറ്റായാണ് വില്‍പന ഉയര്‍ന്നത്.