കോറസ് 3,500 പേരെ പിരിച്ചുവിടുന്നു

ലണ്ടന്‍| WEBDUNIA|
ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മ്മാതാക്കളായ കോറസ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ നീക്കം നടത്തുന്നു. ഇതിന്‍റെ ഭാഗമായി കമ്പനി ഈയാഴ്ചയോടെ 3,500 ജീവനക്കാരെ പിരിച്ചുവിട്ടേയ്ക്കും. മറ്റ് 1500 പേരെക്കൂടി പിരിച്ചുവിടാന്‍ കമ്പനി ആലോചിക്കുന്നുണ്ട്. സണ്‍‌ഡേ ടൈംസ് ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയിലെ ടാറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് കോറസ്. യൂറോപ്പിലെ തന്നെ വലിയ രണ്ടാമത്തെ സ്റ്റീല്‍ നിര്‍മ്മാതാക്കളായ കോറസിനെ രണ്ട് വര്‍ഷം മുമ്പാണ് ടാറ്റ ഏറ്റെടുത്തത്.

കാര്‍ വ്യവസായത്തെ സഹായിക്കാനുള്ള പദ്ധതികള്‍ ബ്രിട്ടീഷ് വാണിജ്യ സെക്രട്ടറി ലോര്‍ഡ് പീറ്റര്‍ മാന്‍ഡെല്‍‌സണ്‍ അടുത്തുതന്നെ പ്രഖ്യാപിക്കാനിരിക്കെ കോറസിന്‍റെ പുതിയ തീരുമാനം സര്‍ക്കാര്‍ നീക്കത്തെ ബാധിച്ചേയ്ക്കും. കഴിയുന്നത്ര തൊഴില്‍ നഷ്ടങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ഏറിവരുന്ന സാഹചര്യത്തിലാണ് കോറസിന്‍റെ പുതിയ നടപടികള്‍.

സ്റ്റീല്‍ വിപണിയിലും സ്റ്റീല്‍ ഉല്‍‌പാദനത്തിലും അനുഭവപ്പെടുന്ന മാന്ദ്യമാണ് കമ്പനിയുടെ പുതിയ തീരുമാനത്തിന് പിന്നില്‍. അതേസമയം തൊഴില്‍ പരമാവധി വെട്ടിക്കുറയ്ക്കാനാണ് കോറസ് നീക്കം നടത്തുന്നതെന്നും പിരിച്ചുവിടേണ്ടവരുടെ അവസാന എണ്ണം ഈയാഴ്ച അവസാനത്തോടെ തീരുമാനിക്കുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :