എയര്‍ ഇന്ത്യയുടെ നഷ്ടത്തിന് കാരണം സര്‍ക്കാര്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
ദേശീയ വിമാനകമ്പനിയായ എയര്‍ ഇന്ത്യയുടെ നഷ്ടത്തിന് കാരണം കേന്ദ്രസര്‍ക്കാരിന്‍റെ തെറ്റായ നയങ്ങളെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്‍ററി സ്റ്റാന്‍‌ഡിംഗ് കമ്മറ്റിയുടെ റിപ്പോര്‍ട്ടിലാണ് കമ്പനിയുടെ നഷ്ടത്തിന് കാരണം ഉദ്യോഗസ്ഥരല്ലെന്നും സര്‍ക്കാരാണെന്നും വ്യക്തമാക്കിയിരിക്കുന്നത്.

തൊഴിലാളികളെ ഇതിന്‍റെ പേരില്‍ ബലിയാടുകളാക്കുകയായിരുന്നെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പ്രകടനാടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങളും ശമ്പളവും മറ്റും വെട്ടിക്കുറച്ചതിലൂടെ ഉദ്യോഗസ്ഥരാണ് ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചത്. പ്രകടനാടിസ്ഥാനത്തിലുള്ള ആനുകൂല്യം വെട്ടിക്കുറച്ചതിന് ന്യായീകരണം കണ്ടെത്താനാകുന്നില്ലെന്നും കമ്മറ്റി റിപ്പോര്‍ട്ടില്‍ പരാ‍മര്‍ശിക്കുന്നുണ്ട്.

സിപി‌എം നേതാവ് സീതാറാം യെച്ചൂരി തലവനായ കമ്മറ്റിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അവരുടേതല്ലാത്ത കുറ്റത്തിന് തൊഴിലാളികള്‍ ശമ്പളത്തിലും മറ്റും വിട്ടുവീഴ്ച ചെയ്യേണ്ടിവന്നത് നീതീകരിക്കാനാകാത്തതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1997 ജനുവരി ഒന്നുമുതലുള്ള ശമ്പളക്കുടിശ്ശിഖയും മറ്റും അടിയന്തരപ്രാധാന്യത്തോടെ വിതരണം ചെയ്യാനും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്.

പ്രകടനാടിസ്ഥാനത്തില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കണക്കാക്കുന്നതിന് കമ്പനി സ്വീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ മാതൃകാപരമാണെന്ന് റിപ്പോര്‍ട്ടില്‍ പ്രശംസിക്കുന്നുണ്ട്. എല്ലാതരം തൊഴിലാളികള്‍ക്കും സംതൃപ്തി നല്‍കുന്ന തരത്തിലാണ് ഈ മാനദണ്ഡങ്ങള്‍. ഒരാള്‍ക്ക് കൂടുതലെന്നോ മറ്റൊരാള്‍ക്ക് കുറവെന്നോ ഉള്ള വേര്‍തിരിവ് പ്രകടമാകുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തൊഴിലാളികള്‍ ആത്മാര്‍ത്ഥതയോടെയാണ് ജോലി ചെയ്യുന്നതെന്നും ക്രിയാത്മകവും കൃത്യവുമാണ് ഇവരുടെ തൊഴിലെന്നും ശമ്പളവും മറ്റും വെട്ടിക്കുറച്ച് ഇവരെ ശിക്ഷിക്കേണ്ടതില്ലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :