എയര്‍ ഇന്ത്യ ജീവനക്കാര്‍ പണിമുടക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA|
സിംഗപ്പൂര്‍ കമ്പനിയുമായി സംയുക്ത സംരംഭം തുടങ്ങാന്‍ എയര്‍ ഇന്ത്യയെ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എയര്‍ ഇന്ത്യ ജീവനക്കാര്‍ മാര്‍ച്ച് നാല് മുതല്‍ ദേശവ്യാപകമായി പ്രതിഷേധ പരിപാടികള്‍ തുടങ്ങാന്‍ തീരുമാനിച്ചു.

എയര്‍ ഇന്ത്യ ജീവനക്കാരുടെ സംഘടനയായ സിവില്‍ ഏവിയേഷന്‍ ജോയിന്‍റ് ആക്ഷന്‍ ഫോറം ഇത് സംബന്ധിച്ച് ചീഫ് മാനേജിംഗ് ഡയറക്ടര്‍ രഘു മേനോന് കത്ത് നല്‍കിയിട്ടുണ്ട്. സംയുക്ത സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ ഫോറത്തിന്‍റെ അഭിപ്രായം പരിഗണിക്കാനുള്ള ബാധ്യത കമ്പനി ലംഘിച്ചതായി കത്തില്‍ ആരോപിക്കുന്നുണ്ട്. മാര്‍ച്ച് നാലിന് രാവിലെ 10 മണിക്ക് ജോലി സ്തംഭിപ്പിച്ചുകൊണ്ടാവും സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുകയെന്നും സിഎജെഎഎഫ് വക്താവ് വി ജെ ദേക്ക അറിയിച്ചു.

സംയുക്ത സംരംഭങ്ങള്‍ തുടങ്ങുന്നത് സംബന്ധിച്ച് ജീവനക്കാരുമായി ചര്‍ച്ച നടത്തുമെന്ന് കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നതാണെന്നും എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി ഇത് സംബന്ധിച്ച യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും സിഎജെഎഎഫ് നേതാക്കള്‍ ആരോപിക്കുന്നു.

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ഗ്രൌണ്ട് ഹാന്‍ഡിലിംഗ് സൌകര്യങ്ങളൊരുക്കുന്നതുമായി ബന്ധപ്പെട്ടാണ് എയര്‍ ഇന്ത്യയുടെ മാതൃസംഘടനയായ എന്‍എസിഐഎല്‍ സിംഗപ്പൂര്‍ എയര്‍ ടെര്‍മിനല്‍ സര്‍വീസസുമായി സംയുക്ത സംരംഭം തുടങ്ങുന്നത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്‍റെ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :