WEBDUNIA|
Last Modified ചൊവ്വ, 2 ഏപ്രില്‍ 2013 (19:41 IST)
PRO
PRO
നോക്കിയയുടെ കാലംകഴിഞ്ഞെന്ന് പരിഹസിക്കാന്‍ വരട്ടെ. ഇന്ത്യയില്‍ ഇപ്പോഴും മൊബൈല്‍ രാജാവ് നോക്കിയ തന്നെയാണ്. ആഗോളതലത്തില്‍ മൊബൈല്‍ ഫോണ്‍ രംഗത്ത് സാംസംഗും ആപ്പിളുമൊക്കെ വിപണി കീഴടക്കുമ്പോള്‍ ഇന്ത്യയില്‍ കഥ വേറെയാണ്.
2012 ല്‍ ഇന്ത്യന്‍ മൊബൈല്‍ വിപണിയുടെ 21.8 ശതമാനം പങ്ക് നോക്കിയയുടെ കൈയിലായിരുന്നു. അന്ന് സാംസംഗിന്റെ വിപണി വിഹിതം 13.7 ശതമാനം മാത്രം. 6.6 ശതമാനവുമായി, ഇന്ത്യന്‍ ഹാന്‍സെറ്റ് നിര്‍മാതാവ് മൈക്രോമാക്‌സാണ് മൂന്നാംസ്ഥാനത്ത്.
ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ വിറ്റഴിയുന്നത് ഫീച്ചര്‍ ഫോണുകളാണെങ്കിലും, സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയുടെ തോതില്‍ പോയ വര്‍ഷത്തെക്കാള്‍ വലിയ വര്‍ധനയുണ്ടായി. 2012 ല്‍ ഇന്ത്യന്‍ വിപണിയില്‍ മൊബൈല്‍ ഫോണ്‍ വില്‍പ്പന 20.8 ശതമാനം വര്‍ധിച്ചു.
2012 ല്‍ രാജ്യത്ത് മൊത്തം വിറ്റഴിഞ്ഞ മൊബൈലുകളുടെ എണ്ണം 22.16 കോടിയാണ്. 2011 ല്‍ ഇത് 18.34 കോടി ആയിരുന്നു. സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന കുതിച്ചു കയറിയതാണ് 2012 ലെ വര്‍ധനയ്ക്ക് മുഖ്യകാരണം.
ഇന്ത്യയില്‍ പോയ വര്‍ഷം വിറ്റഴിഞ്ഞ മൊബൈലുകളില്‍ ഏഴ് ശതമാനം മാത്രമേ സ്മാര്‍ട്ട്‌ഫോണുകളുള്ളൂ എങ്കിലും, ആ സെഗ്മെന്റ് 35.7 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2011 ല്‍ 112 ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റിടത്ത് കഴിഞ്ഞ വര്‍ഷം അത് 152 ലക്ഷമായി.
ഫീച്ചര്‍ഫോണുകളുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് 19.9 ശതമാനം വര്‍ധനയാണ്. 2011 ല്‍ 17.22 കോടി ഫീച്ചര്‍ ഫോണുകള്‍ വിറ്റിടത്ത്, കഴിഞ്ഞ വര്‍ഷം 20.64 കോടി വിറ്റുപോയി.
അതേസമയം, 2012 ല്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 43.1 ശതമാനവുമായി സാംസങ് തന്നെയാണ് രാജാവ്. അടുത്ത സ്ഥാനങ്ങള്‍ യഥാക്രമം നോക്കിയയ്ക്കും (13.3 ശതമാനം), സോണിക്കും (8.2 ശതമാനം) ആണ്.