അനില്‍ അംബാനി ഹോളിവുഡിലേക്ക്

മുംബൈ| WEBDUNIA|
ഹോളിവുഡിലെ വ്യവസായ സാധ്യതകള്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് അനില്‍ അംബാനി. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രമുഖ ഹോളിവുഡ് നിര്‍മ്മാതാവ് സ്റ്റീവന്‍ സ്പില്‍ബെര്‍ഗുമായി 825 മില്യണ്‍ ഡോളറിന്‍റെ കരാറിലാണ് അനില്‍ ഒപ്പുവയ്ക്കാനൊരുങ്ങുന്നത്.

കരാര്‍ പ്രകാരം സ്പീല്‍ബെര്‍ഗിന്‍റെ ഡ്രീം വര്‍ക്സ് സ്റ്റുഡിയോയില്‍ വര്‍ഷത്തില്‍ ആറ് സിനിമകള്‍ നിര്‍മ്മിക്കും. ആഗോള തലത്തില്‍ വാള്‍ട്ട് ഡിസ്നി ആയിരിക്കും ഇതിന്‍റെ വിതരണക്കാര്‍ എങ്കിലും ഇന്ത്യയില്‍ ഇതിന്‍റെ മൊത്തം വിതരണാവകാശം (ഡിടിച്ച്, ഡിവിഡി, തീയേറ്റര്‍ എന്നിവയടക്കം) റിലയന്‍സ് ബിഗ് എന്‍റര്‍ടെയ്‌ന്‍‌മെന്‍റിനായിരിക്കും.

മൊത്തം നിക്ഷേപത്തില്‍ 325 മില്യണ്‍ ഡോളര്‍ അനിലിന്‍റെ വ്യക്തിഗത സംഭാവനയാണ്. 150 മില്യണ്‍ ഡോളര്‍ ഡിസ്നിയും ബാക്കിയുള്ളവ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും കണ്ടെത്തും. തന്‍റെ വ്യവസായ പങ്കാളിയായ അമിതഭ് ജുന്‍ജുന്‍വാലയും സ്പീല്‍ബെര്‍ഗിന്‍റെ പങ്കാളിയായ സ്റ്റാസി സ്നിദെറും ഡ്രീംവര്‍ക്സ് ബോര്‍ഡില്‍ പ്രവര്‍ത്തിക്കുമെന്ന് അനില്‍ അറിയിച്ചു.

അടുത്ത കാലത്ത് ഹോളിവുഡ് കണ്ട ഏറ്റവും വലിയ കരാറാണ് അനില്‍ അംബാനിയും സ്പീല്‍ബെര്‍ഗും തമ്മിലുള്ളത്. ടച്ച് സ്റ്റോണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ ഡ്രീം വര്‍ക്സിന്‍റെ ആദ്യ ചിത്രം 2010ല്‍ തീയേറ്ററിലെത്തും. റിലയന്‍സുമായുള്ള പുതിയ ഇടപാട് തങ്ങളുടെ ഭാവി പ്രവര്‍ത്തനങ്ങളിലെക്കുള്ള പുതിയ വാതിലുകള്‍ തുറന്ന് തരുന്നതായി സ്പീല്‍ബെര്‍ഗ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :