അഭിറാം മനോഹർ|
Last Updated:
ശനി, 28 മാര്‍ച്ച് 2020 (09:37 IST)
കൊറോണവൈറസ് ബാധ ആഗോള സാമ്പത്തിക വ്യവസ്ഥയെ മൊത്തത്തിൽ തകിടം മറിച്ചിരിക്കുകയാണെന്നും വികസ്വരരാജ്യങ്ങളെ സഹായിക്കാനായി വലിയ തോതിൽ പണത്തിന് ആവശ്യമുണ്ടെന്നും അന്താരാഷ്ട്ര നാണ്യനിധി മേധാവി ക്രിസ്റ്റാലിനി ജോർജീവ പറഞ്ഞു. ലോകം മാന്ദ്യത്തിലേക്ക് കടന്നുകഴിഞ്ഞു. 2009നേക്കാൾ വലിയ മാന്ദ്യമാകും കൊറോണ ആഗോള സാമ്പത്തിക രംഗത്ത് സൃഷ്ടിക്കുക. ഇത് പരിഹരിക്കാൻ കുറഞ്ഞത് രണ്ടരലക്ഷം കോടി ഡോളറെങ്കിലും വേണ്ടിവരും. എൺപതിലധികം രാജ്യങ്ങൾ അടിയന്തിരസഹായത്തിനായി ഐഎംഎഫിനോട് സഹായം അഭ്യർത്ഥിച്ചെന്നും ക്രിസ്റ്റലീന പറഞ്ഞു.
വികസ്വര രാജ്യങ്ങളില്‍ 83000 കോടി ഡോളറിന്റെ മൂലധന ശോഷണം സംഭവിച്ചിട്ടുണ്ട്. മിക്ക രാജ്യങൾക്കും ആഭ്യന്തര സ്രോതസ്സുകൾ ലഭ്യമല്ല. നിരവധി രാജ്യങ്ങൾ ഇപ്പോൾ തന്നെ കടക്കെണിയിലാണ്.അടിയന്തര സംവിധാനങ്ങള്‍ക്ക് വേണ്ടി 5000 കോടി ഡോളറെങ്കിലും ആവശ്യമാണെന്നും ക്രിസ്റ്റലിനി പറഞ്ഞു. അതേസമയം കൊറോണ പ്രതിസന്ധിയുണ്ടാക്കിയ സാമ്പത്തിക ആഘാതം മറികടക്കാന്‍ അമേരിക്കന്‍ സെനറ്റ് പാസാക്കിയ 2.2 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജിനെ അവർ സ്വാഗതം ചെയ്‌തു