അഭിറാം മനോഹർ|
Last Modified ചൊവ്വ, 14 മാര്‍ച്ച് 2023 (21:21 IST)
സെക്കൻഡ് ഹാൻഡ് വാഹന വിൽപ്പന നടത്തുന്ന ഏജൻസികൾക്ക് രജിസ്ടേഷൻ നിർബന്ധമാക്കി കേന്ദ്രസർക്കാർ. വാഹനം വിറ്റാലും ഉടമസ്ഥാവകാശം മാറ്റാത്തതുമായ പ്രശ്നങ്ങൾ ഒഴിവാക്കാനായാണ് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത്. സെക്കൻഡ് ഹാൻഡ് വാഹന വിൽപ്പന ഏജൻസികൾ അതാത് സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് അതോറിറ്റികളിൽ രജിസ്റ്റർ ചെയ്തിരിക്കണം.
വാഹനം ഡീലർക്ക് കൈമാറുന്ന വിവരം വാഹന ഉടമ പരിവാഹനിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഇതോടെ പുതിയ ഉടമയുടെ പേരിലേക്ക് ഉടമസ്ഥാവകാശം കൈമാറാനുള്ള അവകാശം ഡീലർക്ക് ലഭിക്കും. വാഹനം ഡീലർക്ക് ഏൽപ്പിച്ച് കഴിഞ്ഞാൽ പിന്നീട് വിറ്റ് പുതിയ ഉടമയുടെ പേരിലേക്ക് രജിസ്റ്റർ ചെയ്യുന്നത് വരെ ഡീലറായിരിക്കും വാഹനത്തിൻ്റെ കല്പിത ഉടമ. ഈ സമയത്തിന് വാഹനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന എന്ത് പ്രശ്നത്തിനും ഡീലറായിരിക്കും ഉത്തരവാദി. വിൽക്കാൻ ഏൽപ്പിക്കുന്ന വാഹനം ടെസ്റ്റ് ഡ്രൈവിനോ അറ്റകുറ്റപണിക്കോ മാത്രമെ റോഡിലിറക്കാവു. അല്ലാത്ത പക്ഷം നടപടിയുണ്ടാകും. പ്രമുഖ വാഹന ബ്രാൻഡുകളുടേതല്ലാതെ പതിനായിരത്തോളം സെക്കൻഡ് ഹാൻഡ് വാഹനവിൽപ്പന കേന്ദ്രങ്ങൾ സംസ്ഥാനത്തുണ്ട്.