അഭിറാം മനോഹർ|
Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (13:08 IST)
വിദേശനാണയ ശേഖരം കാലിയായതോടെ രൂക്ഷമായ വിലക്കയറ്റത്തിൽ വലഞ്ഞ് ശ്രീലങ്കൻ ജനത.ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ പ്രസിഡന്‍റ് ഗോതബയ രാജപക്സ ഉടനടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കത്തിപ്പടരുകയാണ്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനായി ശ്രീലങ്കൻ രൂപയുടെ മൂല്യം 36 ശതമാനം സർക്കാർ കുറച്ചിരുന്നു. ഇതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതിന് കാരണമായി.
അരി കിലോയ്ക്ക് 448 ലങ്കൻ രൂപ(128 ഇന്ത്യൻ രൂപ) യാണ് വില. ഒരു ലിറ്റർ പാൽ വാങ്ങാൻ 263 (75 ഇന്ത്യൻ രൂപ) ലങ്കൻ രൂപ എന്നിങ്ങനെയാണ് വില നിലവാരം. പെട്രോൾ ലിറ്ററിന് 283 ശ്രീലങ്കൻ രൂപയും ഡീസലിന് 176 ശ്രീലങ്കൻ രൂപയുമാണ്. ഇതോടെ രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായി.വൈദ്യുതിനിലയങ്ങൾ പ്രവർത്തനമൂലധനമില്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ എഴരമണിക്കൂർ പവർകട്ടാണ് ജനങ്ങൾ സഹിക്കുന്നത്.
വിദേശനാണയം തീർന്നതോടെ അവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്യാൻ നിവർത്തിയില്ലാതെ വലയുകയാണ് രാജ്യം. പ്രധാനവരുമാന സ്രോതസ്സായ ടൂറിസം മേഖല കൊറോണ മൂലമുണ്ടായ സാമ്പത്തിക ആഘാതത്തിൽ തകർന്നതാണ് ഉപഭോക്തൃരാജ്യമായ ശ്രീലങ്കയെ ചരിത്രത്തിൽ മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.
പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഒരു ബില്യൺ ഡോളർ കടമായി
ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകിയേക്കുമെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ.