കേന്ദ്രീകൃത ബാങ്കിംഗ് ലൈസന്‍സ് മാനദണ്ഡങ്ങള്‍ വൈകും

റിസര്‍വ് ബാങ്ക്,ബാങ്കിംഗ് ലൈസന്‍സ്,തപാല്‍ വകുപ്പ്
മുംബൈ| VISHNU.N.L| Last Modified ശനി, 5 ജൂലൈ 2014 (11:49 IST)
കേന്ദ്രീകൃത ബാങ്കിംഗ് ലൈസന്‍സ് (ഡിഫറന്‍ഷ്യേറ്റഡ് ബാങ്കിംഗ് ലൈസന്‍സ്) ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വൈകാന്‍ സാധ്യത. ഈ വര്‍ഷം അവസാനമേ മാനദണ്ഡങ്ങള്‍ പുറത്തിറക്കു എന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധി പറഞ്ഞു. ഐഡിഎഫ്സി, ബന്ധന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയ്‌ക്ക് സമ്പൂര്‍ണ ബാങ്കിംഗ് നല്‍കുന്ന വേളയില്‍, കേന്ദ്രീകൃത ലൈസന്‍സിനായുള്ള മാനദണ്ഡങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു.

മാനദണ്ഡങ്ങള്‍ പുറത്തിറക്കി കഴിഞ്ഞാല്‍ കേന്ദ്രീകൃത ലൈസന്‍സിനുള്ള സമയം അറിയിപ്പുണ്ടാകുന്നവതുവരെ നീട്ടീ നല്‍കും. ചെറുകിട, ഇടത്തരം ബിസിനസ് സംരംഭങ്ങള്‍ക്ക് വായ്‌പ സുഗമമായി ലഭ്യമാക്കാന്‍ അവസരം സൃഷ്‌ടിക്കുകയാണ് കേന്ദ്രീകൃത ബാങ്കുകളിലൂടെ റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നത്. ബാങ്കിംഗ് മേഖലയുമായി ബന്ധമില്ലാത്തവരെ, ബാങ്കിംഗ് ഇടപാടുകളിലേക്ക് ആകര്‍ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക ഉള്‍പ്പെടുത്തല്‍ (ഫിനാന്‍ഷ്യല്‍ ഇന്‍ക്ളൂഷന്‍) പദ്ധതിയുടെ ഭാഗമായാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നത്.

കേന്ദ്രീകൃത ലൈസന്‍സ് സ്വന്തമാക്കുന്നവര്‍ക്ക് സമ്പൂര്‍ണ ബാങ്കെന്ന പദവി ലഭിക്കല്ലെങ്കിലും നിക്ഷേപങ്ങള്‍ മാത്രം സ്വീകരിക്കുന്ന ബാങ്കായി പ്രവര്‍ത്തിക്കാന്‍ കേന്ദ്രീകൃത ലൈസന്‍സ് നേടുന്നവര്‍ക്ക് സാധിക്കും. തപാല്‍ വകുപ്പിനും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. നേരത്തെ സമ്പൂര്‍ണ്ണ ബാങ്കിന്‍പദവിക്കായി തപാല്‍ വകുപ്പ് നല്‍കിയ അപേക്ഷ ധനകാര്യ വകുപ്പിന്റെ എതിര്‍പ്പുമൂലം തള്ളിക്കളഞ്ഞിരുന്നു.

കേന്ദ്രീകൃത ബാങ്കിംഗ് ലൈസന്‍സ് അനുവദിക്കുന്നതിലൂടെ
രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് മികച്ച ഉണര്‍വുണ്ടാക്കുമെന്ന് റിസര്‍വ് ബാങ്ക് വിലയിരുത്തുന്നു. എന്നാല്‍ എന്തുകൊണ്ടാണ് മനദണ്ഡങ്ങള്‍ പുറത്തിറക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതെന്ന് പറയാന്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടീ ഗവര്‍ണ്ണര്‍ ആര്‍ ഗാന്ധി തയ്യാറായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :