ന്യൂയോര്‍ക്ക്|
VISHNU.NL|
Last Modified വെള്ളി, 2 മെയ് 2014 (09:33 IST)
വികസ്വര രാജ്യമാണെങ്കിലെന്ത്. എന്തും വാങ്ങികൂട്ടാനുള്ള കഴിവിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍
ഇന്ത്യ ലോകത്തിലെ മൂന്നമത്തെ സാമ്പത്തിക ശക്തിയാണെന്ന് വിലയിരുത്തല്‍.
ലോക ബാങ്കിന്റെ
ഡവലപ്‌മെന്റ് ഡാറ്റ ഗ്രൂപ്പ് തയ്യാറാക്കിയ അന്താരാഷ്ട്ര താരതമ്യ പദ്ധതിയനുസരിച്ച് പുറത്തിറക്കിയ 2011-ലെ പട്ടികയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ഒന്നാം സ്ഥാനത്ത് സാമ്പത്തിക ശക്തിയായ അമേരിക്കയുടെ സ്ഥാനത്തിന് ഇളക്കമൊന്നുമില്ല. 199 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. 2005-ലെ റിപ്പോര്‍ട്ടില്‍ ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു. അവിടെ നിന്നാണ് ഇന്ത്യ ഈ കുതിപ്പ് നടത്തിയത്.
ലോക സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യ പന്ത്രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയില്‍ പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുകയാണെങ്കിലും വികസിത രാജ്യങ്ങളെക്കാള്‍ ഉത്പന്നങ്ങള്‍ക്ക് വില കുറഞ്ഞു നില്‍ക്കുന്നതാണ് വാങ്ങല്‍ ശേഷിയില്‍ മുന്നിലെത്താന്‍ രാജ്യത്തെ സഹായിച്ചത്.
ലോക ജിഡിപിയുടെ 6.4 ശതമാനമാണ് ഇന്ത്യയുടെ സംഭാവന. രണ്ടാം സ്ഥാനത്ത് നില്‍കുന്ന ചൈനയുടേത് 14.9 ശതമാനവും ഒന്നാമനായ അമേരിക്കയുടേത് 17.1 ശതമാനവുമാണ്.
2011-ല്‍ ലോകത്ത് ആകെ 90 ലക്ഷം കോടി ഡോളറിന്റെ ഉത്പന്നങ്ങളും സേവനങ്ങളും ഉത്പാദിപ്പിക്കപ്പെട്ടു. ഇതില്‍ പകുതിയും ചെറുകിട, മധ്യ വരുമാന രാജ്യങ്ങളില്‍ നിന്നാണ്. ഇന്ത്യ, ചൈന, റഷ്യ, ബ്രസീല്‍, ഇന്തോനീഷ്യ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ ചേരുമ്പോള്‍ ലോകത്തിലെ 32.3 ശതമാനം ജിഡിപിയാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു.