ന്യൂഡല്‍ഹി|
Harikrishnan|
Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (08:57 IST)
വിദേശബാങ്കുകളില്‍ 26 ഇന്ത്യക്കാര്‍ക്ക് കള്ളപ്പണനിക്ഷേപം. ഇവരുടെ വിവരങ്ങള്‍ അടങ്ങുന്ന പട്ടിക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ജര്‍മനിയിലെ മ്യൂണിക്കിന് സമീപമുള്ള ലിക്‌റ്റെന്‍സ്‌റ്റൈനിലെ എല്‍ജിടി ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ പേരുകളാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.
എല്‍ജിടി ബാങ്കില്‍ അക്കൗണ്ടുള്ള 26 ഇന്ത്യക്കാരില്‍ 18 പേര്‍ക്കെതിരെ പ്രോസിക്യൂഷന്‍നടപടികള്‍ തുടങ്ങിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ 18 അക്കൗണ്ട് ഉടമകളുടെ പേരുകളും സര്‍ക്കാര്‍ പരസ്യപ്പെടുത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, ചെന്നൈ എന്നിവിടങ്ങളിലെ വ്യവസായികളുടെ, വിദേശത്ത് രജിസ്റ്റര്‍ചെയ്ത ചില ട്രസ്റ്റുകളുടെ പേരിലാണ് അക്കൗണ്ട് തുറന്നിരിക്കുന്നത്. അംബ്രുനോവ ട്രസ്റ്റിലെ മോഹന്‍മനോജ് ദുപേലിയ, അംബരീഷ് മനോജ് ദുപേലിയ, ഭവ്യ മനോജ് ദുപേലിയ, മനോജ് ദുപേലിയ, രൂപല്‍ ദുപേലിയ, മണിച്ചി ട്രസ്റ്റിലെ ഹസ്മുഖ് ഈശ്വര്‍ലാല്‍ ഗാന്ധി, ചിന്തന്‍ ഹസ്മുഖ് ഗാന്ധി, മധു ഹസ്മുഖ് ഗാന്ധി, പരേതനായ മിരാവ് എച്ച്. ഗാന്ധി, ചന്ദ്രകാന്ത് ഈശ്വര്‍ലാല്‍ ഗാന്ധി, രാജേഷ് ചന്ദ്രകാന്ത് ഗാന്ധി, വിരാജ് ചന്ദ്രകാന്ത് ഗാന്ധി, ധനലക്ഷ്മി ചന്ദ്രകാന്ത് ഗാന്ധി, ഡയനീസ് സ്റ്റിഫ്തുങ് ആന്‍ഡ് ഡ്രൈയെഡ് സ്റ്റിഫ്തുംഗ് എന്ന സ്ഥാപനത്തിന്റെ ഉടമകളായ അരുണ്‍കുമാര്‍ രാംനിക്‍ലാല്‍ മേത്ത, ഹര്‍ഷദ് രാംനിക്‍ലാല്‍ മേത്ത തുടങ്ങിയ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യപ്പെടുത്തിയവയിലുള്‍പ്പെടുന്നു.
ഇവ പരിശോധിക്കുന്നതിനെയും കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിനുള്ള പ്രത്യേകാന്വേഷണസംഘം രൂപവത്കരിക്കുന്നതിനെയുംകുറിച്ച് വ്യാഴാഴ്ച തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് എച്ച്എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 18 പേരില്‍ ഒരാള്‍ മരിച്ചുവെന്നും മറ്റുള്ളവര്‍ക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയായെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 39.66 കോടി രൂപയുടെ നികുതിയാണ് ഇവരില്‍നിന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുപുറമെയാണ് ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ തുടങ്ങിയിരിക്കുന്നത്.
എല്‍ജിടി ബാങ്കിലെ ജീവനക്കാരന്‍മുഖേന ജര്‍മനിയുടെ ഇന്റലിജന്‍സ് ഏജന്‍സിയായ ബിഎന്‍ഡിക്ക് ലഭിച്ച 1400 അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളില്‍ 18 എണ്ണം ഇന്ത്യക്കാരുടേതായിരുന്നു. 2009 മാര്‍ച്ച് 18-ന് ഇന്ത്യാ സര്‍ക്കാറിന് ഈ വിവരങ്ങള്‍ ജര്‍മന്‍ സര്‍ക്കാര്‍ കൈമാറി. എന്നാല്‍, അതിന്‍മേല്‍ നടപടിയെടുക്കാതെ വന്നപ്പോഴാണ് മുതിര്‍ന്ന അഭിഭാഷകന്‍ രാംജത്‌മലാനി സുപ്രീംകോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്നാണ് സര്‍ക്കാരിനോട് സുപ്രീംകോടതി വിവരം ആരാഞ്ഞത്.