കോള്‍ മുറിഞ്ഞാല്‍ നഷ്ടപരിഹാരം; 150 കോടിയുടെ നഷ്‌ടമുണ്ടാകുമെന്ന് കമ്പനികള്‍

 മൊബൈല്‍ ഫോണ്‍ , കോള്‍ ഡ്രോപ് , കോയ് , ട്രായ് , കോള്‍ മുറിഞ്ഞാല്‍ നഷ്ടപരിഹാരം
ന്യൂഡല്‍ഹി| jibin| Last Modified ശനി, 17 ഒക്‌ടോബര്‍ 2015 (11:05 IST)
മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ കോള്‍ മുറിഞ്ഞാല്‍ (കോള്‍ ഡ്രോപ്) ഉപഭോക്താവിന് 2016 ജനുവരി ഒന്നുമുതല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം അതോരിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിര്‍ദേശത്തില്‍ എതിര്‍പ്പുമായി കമ്പനികള്‍ രംഗത്ത്. ദിവസേന 150 കോടി രൂപയുടെ നഷ്ടം വരുത്തുമെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്.

ഉപയോക്താവിന്റെ ഓരോ മുറിഞ്ഞ കോളിനും ഒരു രൂപവീതം നഷ്ടപരിഹാരം നല്കണം. ദിവസം പരമാവധി മൂന്നു കോളുകള്‍ക്കാണ് ഇത്തരത്തില്‍ നഷ്ടപരിഹാരം ലഭിക്കുക.

ട്രായിയുടെ ഉത്തരവ് അധിക ബാധ്യത വരുത്തിവയ്ക്കുന്നതാണെന്നാണ് കമ്പനികളുടെ അഭിപ്രായം. ഇതൊരു ശരിയായ തീരുമാനമാണെന്നു കരുതുന്നില്ലെന്നും അനിശ്ചിതത്വത്തിനു വഴിയൊരുക്കുമെന്നും സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (കോയ്) ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ്. മാത്യൂസ് വ്യക്തമാക്കി. രാജ്യത്തെ പകുതി ഉപയോക്താക്കള്‍ക്കു ഈ പ്രശ്നം നേരിട്ടാല്‍ പ്രതിദിനം 150 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാവുമെന്നാണ് കോയ് വ്യക്തമാക്കുന്നത്. ജനുവരി ഒന്നിനു നിയമം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പുതന്നെ പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി കോയ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

കോള്‍ ഡ്രോപിന് ലഭിച്ച നഷ്ടപരിഹാരം സംബന്ധിച്ച് ടെലികേം കമ്പനി എസ്എംഎസ് വഴിയോ യുഎസ്എസ്ഡി വഴിയോ ഉപഭോക്താവിന് സന്ദേശമയക്കണം. പ്രീപെയ്ഡ് ഉപഭോക്താക്കളെ കോള്‍ ഡ്രോപുണ്ടായതിന് നാല് മണിക്കൂറിനുള്ളില്‍ ഇക്കാര്യം അറിയിച്ചിരിക്കണം. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളുടെ ക്രെഡിറ്റ് ആയ പണം സംബന്ധിച്ച വിശദാംശങ്ങള്‍ അടുത്ത ബില്ലില്‍ വ്യക്തമാക്കണമെന്നും ട്രായ് നിര്‍ദേശിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :