ഉയര്‍ന്ന വരുമാനമുളള ഏഴ് ലക്ഷം ഉപഭോക്താക്കളുടെ പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കി

പണക്കാരന് പാചക വാതക സബ്‌സിഡി ഇല്ല; ഏഴ് ലക്ഷം ഉപഭോക്താക്കളുടെ സബ്‌സിഡി നിര്‍ത്തലാക്കി

ന്യൂഡല്‍ഹി| priyanka| Last Modified ബുധന്‍, 20 ജൂലൈ 2016 (08:36 IST)
ഉയര്‍ന്ന വരുമാനമുളള ഏഴ് ലക്ഷം ഉപഭോക്താക്കള്‍ളുടെ പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കിയതായി കേന്ദ്രസര്‍ക്കാര്‍. പ്രതിവര്‍ഷവരുമാനം 10 ലക്ഷം രൂപയില്‍ അധികമുളള ഉപഭോക്താക്കളെയാണ് സബ്‌സിഡി പരിധിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്. സബ്‌സിഡി സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ പത്തു ലക്ഷം രൂപക്ക് മുകളില്‍ നികുതിനല്‍കേണ്ട വരുമാനമില്ലെന്ന സ്വയം സാക്ഷ്യപത്രം നല്‍കണം. പ്രകൃതിവാതക മന്ത്രാലയമാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

നിലവില്‍ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയോടെ 12 സിലിണ്ടര്‍ വര്‍ഷത്തില്‍ ലഭിക്കുന്നുണ്ട്. ഇതില്‍ കൂടുതല്‍ വേണമെങ്കില്‍ വാണിജ്യവില നല്‍കണം. സബ്‌സിഡി ഏറ്റവും അത്യാവശ്യമായ പാവപ്പെട്ടവര്‍ക്ക് മാത്രം നല്‍കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് നടപടി.

നിലവില്‍ 16.35 കോടി ഉപഭോക്താക്കള്‍ക്കാണ് എല്‍പിജി സബ്‌സിഡി ലഭിക്കുന്നത്. അവസാന സാമ്പത്തിക വര്‍ഷത്തിലെ വരുമാന നികുതിയെ ആധാരമാക്കി ഉപഭോക്താവ് നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാകും സബ്‌സിഡി ഒഴിവാക്കുക. അത്യാവശ്യക്കാര്‍ക്ക് മാത്രം സബ്‌സിഡിയെന്ന കേന്ദ്രസര്‍ക്കാറിന്റെ പ്രചരണത്തെ തുടര്‍ന്ന് 57.5 ലക്ഷം പേര്‍ സബ്‌സിഡി സ്വയം വേണ്ടെന്നുവെച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :