വെളിച്ചെണ്ണക്കു ഡിമാന്‍ഡില്ല, നാളികേരം കിട്ടാനുമില്ല!

കൊച്ചി| VISHNU.NL| Last Modified ഞായര്‍, 23 നവം‌ബര്‍ 2014 (13:43 IST)
പടിപടിയായി താഴേക്കിറങ്ങുമ്പോഴും നാളികേര വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. കിലോഗ്രാമിന് 168 രൂപയില്‍ റെക്കോര്‍ഡിട്ട വെളിച്ചെണ്ണയുടെ മൊത്തവില 140 രൂപയ്ക്ക് താഴെയെത്തി. എന്നാല്‍ തേങ്ങയാകട്ടെ കിലോഗ്രാമിന് 40 രൂപയ്ക്കടുത്തു തുടരുന്നു. വെളിച്ചെണ്ണയേക്കാള്‍ ഡിമാന്‍ഡ് നാളികേരത്തിനും മറ്റ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്കും ലഭിച്ചതാണ് നാളികേര വില കുറയാതെ നില്‍ക്കുന്നതിന് കാരണമായി വിലയിരുത്തുന്നത്.

ഉയര്‍ന്ന വൈദ്യുതി നിരക്കും കൊപ്ര വിലയും മറ്റും കണക്കിലെടുക്കുമ്പോള്‍, കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ നല്‍കുക അസാധ്യമാണെന്നു മില്ലുകാര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ വിപണിയില്‍ വിലകുറച്ച് വില്‍ക്കുന്നത് മായം ചേര്‍ത്ത വെളിച്ചെണ്ണയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. പാമോയിലിന് ചില്ലറവില കിലോഗ്രാമിന് 60 രൂപയും സൂര്യകാന്തി എണ്ണക്ക് 90 രൂപയും തവിടെണ്ണയ്ക്ക് 70 രൂപയുമാണ്.

ഈ എണ്ണകള്‍ വെളിച്ചെണ്ണയില്‍ വ്യാപകമായി കലര്‍ത്തുന്നുണ്ടെന്നാണ് വിലയിരുത്തല്‍. തമിഴ്നാട്ടില്‍ നിന്ന് വെളിച്ചെണ്ണ 130 രൂപയ്ക്ക് ലഭ്യമാക്കുന്നുണ്ട്. ഇത് മായം ചേര്‍ത്തതാണെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ വെളിച്ചെണ്ണയുടെ മുഖ്യ വിളവെടുപ്പ് സീസണ്‍അടുത്ത മാസാവസാനത്തോടെ തുടങ്ങും. ശബരിമലയില്‍ നിന്ന് ഇതിനിടെ വന്‍തോതില്‍ തേങ്ങയും കൊപ്രയുമെത്തും. സാധാരണ നിലയില്‍ വെളിച്ചെണ്ണ, തേങ്ങാ വില ഈ കാലയളവില്‍ കുറയാറുണ്ടെങ്കിലും ഇക്കുറി അതു സംഭവിക്കാനിടയില്ല.

കരിക്കിന്റെയും നീരയുടെയും ഉപയോഗം വര്‍ധിക്കുന്നതും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കുന്നതിന് കമ്പനികള്‍ തേങ്ങ വാങ്ങുന്നതുമാണ് വില കുറയാതിരിക്കുന്നതിനു കാരണം. കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികള്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്നു നാളികേരം ശേഖരിക്കുന്നുണ്ട്.
ഇത് തേങ്ങയുടെ ലഭ്യത ഗണ്യമായി കുറയ്ക്കുമെന്നതിനാല്‍ നാളികേരവില മാറ്റമില്ലാതെ തുടരുക തന്നെ ചെയ്യും.

ഓണത്തിനു ശേഷം വെളിച്ചെണ്ണ വില കുത്തനെ കൂടിയാണു ക്വിന്റലിന് 16,800 രൂപയില്‍ റെക്കോര്‍ഡിട്ടത്. പിന്നീട് ക്രമേണ കുറഞ്ഞ് കൊച്ചി വിപണിയില്‍ വില ഇന്നലെ 13,700 രൂപയിലെത്തി. മില്ലിങ് വെളിച്ചെണ്ണക്ക് 14200 രൂപ. തൃശൂരില്‍ 14100 രൂപയും തമിഴ്നാട്ടിലെ കാങ്കയത്ത് 12600 രൂപയും. കൊപ്ര 9530 രൂപ.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :