ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ശനി, 21 ജൂണ്‍ 2014 (11:25 IST)
ജൂലായ് ഒന്നുമുതല്‍ കാറുകള്‍ക്കും ബൈക്കുകള്‍ക്കും വിലകൂടുമെന്ന് സൂചന. മുന്‍ ധനമന്ത്രി പി ചിദംബരം കഴിഞ്ഞ ഇടക്കാല ബഡ്‌ജറ്റില്‍ അനുവദിച്ച എക്‌സൈസ് നികുതി ഇളവിന്റെ കാലവധി ഈ മാസം അവസാനിക്കുന്നതിനാലാണ് വിലകൂടുന്നത്.
നികുതി ഇളവ് കാലാവധി വീണ്ടും നീട്ടാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനം എടുക്കാത്തതിനാല്‍ വിലവര്‍ദ്ധന അനിവാര്യമാകുമെന്ന് വാഹനവിപണിയിലെ വിദഗ്ദര്‍ പറയുന്നു. സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ വാഹനവിപണിയെ പിന്നോട്ടടിക്കുന്ന തരത്തില്‍ വാഹനങ്ങളുടെ വില വര്‍ദ്ധനക്ക് ഇത് കാരണമാകും.
എന്‍ഡിഎ സര്‍ക്കാരിന്റെ ബഡ്‌ജറ്റ് അവതരണം അടുത്തമാസം മദ്ധ്യത്തോടെയാകും നടക്കുക. കേന്ദ്രസര്‍ക്കാര്‍ ഈമാസം 30ന് മുമ്പായി എക്‌സൈസ് നികുതി ഇളവ് കാലാവധി ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ ജൂലായ് ഒന്നമുതല്‍ വില ഉയരും.
ഉയര്‍ന്ന വിലയെ തുടര്‍ന്ന് ആഭ്യന്തര കാര്‍ വിപണി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.6 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. വന്‍ വില്‌പന മാന്ദ്യം അനുഭവിക്കുന്ന ശ്രേണിയെ ഉണര്‍വിലേക്ക് നയിക്കുന്നത് ലക്ഷ്യമിട്ടാണ് ഇടക്കാല ബഡ്‌ജറ്റില്‍ ചിദംബരം നികുതി ഇളവ് പ്രഖ്യാപിച്ചത്. എങ്കിലും കാര്യമായ നേട്ടം കൊയ്യാന്‍ തുടര്‍ന്നും വിപണിക്ക് കഴിഞ്ഞിരുന്നില്ല. വാഹനങ്ങള്‍ക്ക് വീണ്ടും വില വര്‍ദ്ധിച്ചാല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് വിപണി വീഴാനും അതു കാരണമാകും.