‘വിസ്താര’ ഇന്നുമുതല്‍ പറക്കും; ആദ്യസര്‍വ്വീസ് മുംബൈയിലേക്ക്

ന്യൂഡല്‍ഹി| Joys Joy| Last Modified വെള്ളി, 9 ജനുവരി 2015 (11:02 IST)
ഡല്‍ഹി പ്രധാനകേന്ദ്രമായിയുള്ള ‘വിസ്താര’ വിമാനസര്‍വ്വീസ് ഇന്നുമുതല്‍ ആരംഭിക്കും. വിസ്താരയുടെ ആദ്യയാത്ര ഡല്‍ഹിയില്‍ നിന്ന് മുബൈയിലേക്ക് ആയിരിക്കും. ‘വിസ്താര’ കൂടി സര്‍വ്വീസ് തുടങ്ങുന്നതോടെ ആഭ്യന്തരവിമാന സര്‍വ്വീസ് മേഖലയില്‍ മത്സരം കൂടുതല്‍ ശക്തമാകും. ഇന്ത്യയിലെ മൂന്നാമത്തെ ഫുള്‍ സര്‍വീസ് വിമാനമാണ് വിസ്താര. ജെറ്റ് എയര്‍വേസും എയര്‍ ഇന്ത്യയുമാണ് മറ്റ് രണ്ടെണ്ണം.

'ഫ്ലൈ ദി ന്യൂ ഫീലിംഗ്' എന്ന പരസ്യവാചകവുമായാണ് സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ എത്തുന്നത്. യാത്ര ചെയ്യുന്ന ദൂരത്തിനു പകരം മുടക്കുന്ന തുകയ്ക്കനുസരിച്ച് ലോയല്‍റ്റി പോയിന്റ് ലഭിക്കുന്ന, ക്ലബ് വിസ്താര എന്ന പേരിലുള്ള മൂല്യാധിഷ്ഠിത യാത്രാപദ്ധതിയും വിസ്താര അവതരിപ്പിക്കുന്നുണ്ട്.

ഫുള്‍ സര്‍വീസ് കാരിയറില്‍ ഇന്ത്യയില്‍ ആദ്യമായി പ്രീമിയം ഇക്കോണമി എന്ന വിഭാഗവും വിസ്താര അവതരിപ്പിക്കുന്നു. തുടക്കത്തില്‍ സര്‍വീസ് നടത്തുന്ന 148 സീറ്റുള്ള എ 320-200 എയര്‍ബസ്സില്‍ ബിസിനസ് ക്ലാസിന് 16 സീറ്റും പ്രീമിയം ഇക്കോണമിയില്‍ 36 സീറ്റും ഇക്കോണമി ക്ലാസില്‍ 96സീറ്റും ആയിരിക്കും ഉണ്ടാകുക. സ്പൈസ് ജെറ്റ് വിമാനങ്ങള്‍ റദ്ദാക്കപ്പെടുന്നതിനിടെ ‘വിസ്താര’ സര്‍വ്വീസ് ആരംഭിച്ചത് ടിക്കറ്റ് നിരക്കുകള്‍ ഉയരുന്നത് തടഞ്ഞേക്കുമെന്നാണ് കരുതുന്നത്.

രണ്ട് എയര്‍ബസ് എയര്‍ ക്രാഫ്റ്റുകളാണ് തുടക്കത്തില്‍ ഉണ്ടാകുക. 2017 മാര്‍ച്ചോടെ ഇത് അഞ്ചാകും. അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 വിമാനങ്ങളാണ് കമ്പനി ലക്‌ഷ്യമിടുന്നത്. ബജറ്റ് ഇതര എയര്‍ലൈന്‍ ആയതിനാല്‍ മെട്രോ നഗരങ്ങള്‍ക്കായിരിക്കും വിസ്താര തുടക്കത്തില്‍ പ്രാമുഖ്യം നല്‍കുക. മുംബൈ, ഡല്‍ഹി എന്നിവിടങ്ങള്‍ക്ക് പുറമെ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ആദ്യമാസങ്ങളില്‍ തന്നെ സര്‍വീസ് തുടങ്ങും. പിന്നീട്, ഗോവ, ശ്രീനഗര്‍ ‍, ജമ്മു, പട്‌ന, ചണ്ഡിഗഢ് എന്നിവിടങ്ങളിലേക്കും ‘വിസ്താര’ പറക്കും.

മലേഷ്യയിലെ എയര്‍ ഏഷ്യയുമായി ചേര്‍ന്ന് ടാറ്റാ ഗ്രൂപ്പ് ആരംഭിച്ച 'എയര്‍ ഏഷ്യ ഇന്ത്യ' നിലവില്‍ രാജ്യത്ത് സര്‍വീസ് നടത്തുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :